നെന്മാറ-വല്ലങ്ങി വേലക്കിടെ അമിട്ട് തെറിച്ചുവീണു; 25ലധികം പേര്‍ക്ക് പരിക്ക്
text_fieldsനെന്മാറ: അമിട്ട് തെറിച്ചുവീണതിനെതുടര്‍ന്ന് ജനം പരിഭ്രാന്തരായി ഓടിയതും ഏതാനും പേര്‍ക്ക് പരിക്കേറ്റതും നെന്മാറ-വല്ലങ്ങി വേലയുടെ പര്യവസാനത്തിന്‍െറ നിറംകെടുത്തി. പഞ്ചവാദ്യവും മേളവും ചമയങ്ങളണിഞ്ഞ ഗജവീരന്മാരും ആകാശത്ത് വര്‍ണവൈവിധ്യം തൂകിയ ഗംഭീരവെടിക്കെട്ടുമായി പകല്‍വേല സമാപിച്ചെങ്കിലും രാത്രിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. വല്ലങ്ങിപ്പാടത്ത് വെടിക്കെട്ടിന് പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതിനിടെയാണ് അമിട്ട് തെറിച്ചുവീണതിനെതുടര്‍ന്ന് ജനം പരിഭ്രാന്തരായി ഓടിയത്. നെന്മാറ ദേശത്തിന്‍െറ ക്ഷേത്രക്കുളത്തിന് സമീപം കാവല്‍നിന്ന വനിത സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 25ലധികം പേര്‍ക്ക് പരിക്കുണ്ട്. ഭയന്നോടിയതോടെ പാടത്തും ചളിയിലും മറ്റും വീണാണ് പലര്‍ക്കും പരിക്കേറ്റത്. സംഭവം കണ്ടുനിന്ന പെരിന്തല്‍മണ്ണ പാതാക്കര സ്വദേശി നാരായണന്‍ (35) കുഴഞ്ഞുവീണ് മരിച്ചു.
കുഴിയമിട്ട് പൊട്ടി ചീളുകള്‍ തെറിച്ചും മറ്റും സാരമായി പരിക്കേറ്റ മൂന്നുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ഗിരീഷ് (30), മംഗലംഡാം പുത്തന്‍തറ മുരളീധരന്‍ (59), വാണിയമ്പാറ ശംഭു വര്‍ഗീസ് (50) എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ കുഴല്‍മന്ദം സ്റ്റേഷനിലെ ടി.കെ. സജി (30), മണ്ണാര്‍ക്കാട് സ്റ്റേഷനിലെ ബിന്ദു ശിവന്‍ (30), കൊല്ലങ്കോട് സ്റ്റേഷനിലെ രേവതി (22) എന്നിവര്‍ക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ വീണ് പരിക്കേറ്റു. കുനിശ്ശേരി ചേരാമംഗലം കിളിയല്ലൂര്‍ ചെല്ലക്ക് (68) തിരക്കില്‍ താഴെവീണ് പല്ലുകള്‍ പോയി. തിരുവില്ല്വാമല സ്വദേശി ശശികുമാര്‍ (52), ചേര്‍ത്തലയിലെ മോഹന്‍രാജ് (25), വടക്കഞ്ചേരി സ്വദേശി ശോഭ (58), മകന്‍ മനോജ് (34), മടപ്പല്ലൂരിലെ രഞ്ജിത്ത് (24), പട്ടാമ്പി സ്വദേശി സുധീഷ് (24) അമ്പലപ്പാറയിലെ രാധാകൃഷ്ണന്‍ (43), നെന്മാറ കണിമംഗലം വിജയന്‍ (55), നെന്മാറ സ്വദേശിനി ഐശ്വര്യ (19) പുതിയങ്കം സ്വദേശി സുഖിന്‍ (18), ഒലവക്കോട് സ്വദേശി ഗോപിനാഥ് (39), അത്താണിയിലെ കമലാധരന്‍ (52), കാവശ്ശേരിയിലെ അനീഷ് (25), പാലക്കാട് അയ്യപ്പന്‍കാവ് ശിവമണി (45), എലവഞ്ചേരി രാജന്‍ (45) തുടങ്ങിയവര്‍ക്കും ഓടുന്നതിനിടെ വീണും കല്ലില്‍ തട്ടിയും പരിക്കേറ്റു. ഇവരെ നെന്മാറ ഗവ. ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് പൊലീസിന്‍െറ ലാത്തിയടിയേറ്റ് തലക്ക് പരിക്കേറ്റു. കയറാടി സ്വദേശി രാജേഷ് (25), സഹോദരന്‍ സുഭാഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ തുടങ്ങിയ വല്ലങ്ങിദേശത്തിന്‍െറ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ടിന്‍െറ അവസാനത്തില്‍ കുഴിയമിട്ട് ലക്ഷ്യംതെറ്റി തെറിച്ചുവീണ് ജനങ്ങള്‍ നില്‍ക്കുന്ന ഭാഗത്ത് പൊട്ടുകയായിരുന്നു. വേലത്തട്ടകമായ നെല്ലികുളങ്ങര ക്ഷേത്രത്തിന് താഴെയുള്ള ക്ഷേത്രക്കുളത്തിന്‍െറ പാര്‍ശ്വഭാഗത്തുള്ള വല്ലങ്ങി പാടത്താണ് അമിട്ട് വീണ് പൊട്ടിയത്. ബഹളത്തിനിടെ എന്തുസംഭവിച്ചെന്നറിയാതെ ജനം പരിഭ്രാന്തരായി ഓടി. പൊലീസ് നിര്‍ദേശം വകവെക്കാതെ ജനം പരക്കം പായുകയായിരുന്നു. ക്ഷേത്രക്കുളത്തിന് സമീപം കാവല്‍നിന്ന മൂന്ന് വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ തിക്കിലും തിരക്കിലും വീണു.
അതിരാവിലെ മുതല്‍തന്നെ നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്കും വേലപ്പറമ്പിലേക്കും ജനം എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് ക്ഷേത്ര ദര്‍ശനത്തിനത്തെിയവര്‍ ഇരുദേശങ്ങളും ഒരുക്കിയ സാമ്പിള്‍ വെടിക്കെട്ടും ആസ്വദിച്ചാണ് മടങ്ങിയത്. മീനം ഒന്ന് മുതല്‍ ആരംഭിച്ച അനുഷ്ഠാനങ്ങളുടെയും ചടങ്ങുകളുടെയും പൂര്‍ണതയിലാണ് നെന്മാറ-വല്ലങ്ങി വേല കൊടിയിറങ്ങിയത്. നെന്മാറ ദേശത്ത് ശനിയാഴ്ച രാവിലെ തിടമ്പ് പൂജ, വരിയോല വായന, നിറപറ എഴുന്നള്ളിപ്പ്, പറയെടുപ്പ് എന്നിവക്ക് ശേഷം ഈടുവെടി മുഴങ്ങി. ഉച്ചയോടെ ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തോടെ തുടങ്ങി. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി. തൃപ്പാളൂര്‍ ശിവന്‍, കോങ്ങാട് മധു തുടങ്ങിയവര്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കി.
പഴയന്നൂര്‍ ഭഗവതിയെ വന്ദിച്ച് വേട്ടക്കൊരുമകന്‍ ക്ഷേത്രം വഴി വൈകീട്ട് നാലോടെ എഴുന്നള്ളിപ്പ് പന്തലില്‍ നിരന്നു. പഞ്ചവാദ്യത്തിന് ശേഷം പാണ്ടിമേളം പൊടിപൊടിച്ചു. വല്ലങ്ങി ദേശത്ത് പുലര്‍ച്ചെ നാലോടെ ഗണപതിഹോമത്തിന് ശേഷമായിരുന്നു വേലച്ചടങ്ങുകള്‍. തിടമ്പ് പൂജക്കുശേഷം ഈടുവെടി മുഴങ്ങി. രാവിലെ 11ഓടെ വല്ലങ്ങി ശിവക്ഷേത്രത്തില്‍നിന്ന് കൊമ്പുപറ്റ്, കുഴല്‍പറ്റ്, കേളി എന്നിവക്ക് ശേഷം പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് തുടങ്ങി. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ പഞ്ചവാദ്യത്തിന് ചുക്കാന്‍ പിടിച്ചു. ചീറമ്പക്കാവ് വഴി വല്ലങ്ങി ടൗണ്‍ ചുറ്റി ബൈപാസ് റോഡിലെ ആനപന്തലില്‍ വല്ലങ്ങിയുടെ എഴുന്നള്ളിപ്പ് അണിനിരന്നു. പാമ്പാടി രാജനെന്ന ഗജവീരനാണ് വല്ലങ്ങി ദേശത്തിന്‍െറ തിടമ്പേറ്റിയത്.
തുടര്‍ന്ന്, ഇരുദേശങ്ങളും കുടമാറ്റം ആരംഭിച്ചു. വര്‍ണോജ്ജ്വലമായ കുടമാറ്റം ഹര്‍ഷാരവത്തോടെ ജനക്കൂട്ടം മനസ്സില്‍ സ്വീകരിച്ചു. വൈകീട്ട് ആറോടെ എഴുന്നള്ളിപ്പുകള്‍ കാവുകയറാന്‍ ആരംഭിച്ചു. വല്ലങ്ങിക്കാര്‍ പകല്‍വെടിക്കെട്ടിന് തിരികൊളുത്തിയതോടെ വല്ലങ്ങിപ്പാടത്ത് ആര്‍പ്പുവിളിയുയര്‍ന്നു. പിന്നീട്, നെന്മാറയും വെടിക്കെട്ടിന് തിരികൊളുത്തി. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു രാവിലെ മുതല്‍തന്നെ. അതിനാല്‍, പകല്‍വേലക്ക് പതിവില്‍ കൂടുതല്‍ കാണികളത്തെിയിരുന്നു. കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ചിട്ടും ജനക്കൂട്ടം വേലക്കത്തെി. പകല്‍വേലക്ക് ശേഷം രാത്രിയിലെ എഴുന്നള്ളിപ്പുകളും വെടിക്കെട്ടും കാണാന്‍ ജനം വീണ്ടും തട്ടകത്തിലേക്ക് കുതിച്ചു. വല്ലങ്ങിക്കാരുടെ വെടിക്കെട്ടിന്‍െറ അവസാനത്തിലാണ് അമിട്ട് ലക്ഷ്യംതെറ്റി വീണതും ജനം പരിഭ്രാന്തരായതും. സംഭവത്തത്തെുടര്‍ന്ന് നെന്മാറ ദേശത്തിന്‍െറ വെടിക്കെട്ട് ഒരു മണിക്കൂറിനു ശേഷമാണ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
