ക്വാറി സമരം: നിര്‍മാണമേഖല സ്തംഭനത്തിലേക്ക്
text_fieldsകൊച്ചി: ക്വാറി സമരം രണ്ടാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. ക്വാറി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച ടിപ്പര്‍ ലോറി സമരംകൂടി ആരംഭിക്കുന്നതോടെ അവശേഷിക്കുന്ന നിര്‍മാണ വസ്തുക്കളുടെ നീക്കവും നിലക്കും. പെരുന്നാള്‍ പ്രമാണിച്ച് ബംഗാളില്‍ നിന്നും മറ്റുമുള്ള നിര്‍മാണ തൊഴിലാളികളില്‍ നല്ളൊരു പങ്കും നാട്ടില്‍ പോയിരിക്കുകയാണ്. അവരോട് സമരം കഴിഞ്ഞശേഷം തിരിച്ചുവന്നാല്‍ മതിയെന്ന് പല നിര്‍മാണ കരാറുകാരും നിര്‍ദേശിച്ചിട്ടുമുണ്ട്. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനാനുമതിക്ക് ആവശ്യമായ നിയമത്തില്‍ ഇളവ് അനുവദിക്കുക, അഞ്ച് ഹെക്ടറില്‍ താഴെയുള്ള കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 14 മുതല്‍ സംസ്ഥാനത്തെ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച അങ്കമാലിയില്‍ യോഗം ചേര്‍ന്ന ക്വാറി ഉടമകള്‍ സമരം ശക്തമാക്കാനും ടിപ്പര്‍ ലോറികളെകൂടി സമര രംഗത്തിറക്കാനും തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ ടിപ്പര്‍ ലോറികളും സമരത്തിനിറങ്ങും. സമരം ആരംഭിച്ച് ആദ്യയാഴ്ച നിര്‍മാണ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടായിരുന്നില്ല. സമരം മുന്‍കൂട്ടി കണ്ട് വര്‍ക്ക് സൈറ്റുകളും വിതരണക്കാരും നിര്‍മാണ സാമഗ്രികള്‍ ശേഖരിച്ചുവെച്ചിരുന്നു. സമരം ഒരാഴ്ചകൊണ്ട് ഒത്തുതീര്‍പ്പാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. പെരുന്നാള്‍ അവധിയും മറ്റും വന്നതോടെ ജോലികള്‍ മന്ദഗതിയിലാവുകയും ചെയ്തു. ബംഗാളി തൊഴിലാളികളില്‍ നല്ളൊരു പങ്കും പെരുന്നാള്‍ പ്രമാണിച്ച് നാട്ടിലേക്ക് പോയതും പണി മന്ദഗതിയിലാകാന്‍ കാരണമായി. അവധിയെല്ലാം കഴിഞ്ഞ് അടുത്തയാഴ്ച മുതല്‍ നിര്‍മാണ മേഖല വീണ്ടും സജീവമാകാനിരിക്കെയാണ് ക്വാറി സമരം കൂടുതല്‍ ശക്തമാക്കിയത്.
ഇതോടെ കരിങ്കല്ലിനും മെറ്റല്‍പ്പൊടിക്കും ക്ഷാമം നേരിടുകയും ചെയ്തു. സിമന്‍റ് കട്ട നിര്‍മാണം, വാര്‍ക്കപ്പണി, കോണ്‍ക്രീറ്റ് സ്ളാബ് നിര്‍മാണം തുടങ്ങിയവയും പ്രതിസന്ധിയിലേക്ക് നീങ്ങി. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവൃത്തികളും നിലക്കും. നിര്‍മാണമേഖല മൊത്തത്തില്‍ സ്തംഭിപ്പിച്ച് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഏറ്റെടുത്ത പണികള്‍ തീര്‍ക്കാനുള്ള കരാറുകാരുടെ നീക്കവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
