മൂന്നാര്‍: അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മൂന്നാര്‍ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ തോട്ടമുടമകള്‍, തൊഴിലാളി സംഘടനകള്‍ തുടങ്ങിയവരിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സമീപനങ്ങളിലും മാറ്റത്തിന് സമയമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റുകളും പരാജയങ്ങളും തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തണം. സമരം നല്‍കുന്ന അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍, രാഷ്ട്രീയ കക്ഷികള്‍, തൊഴിലാളി സംഘടനകള്‍, മാനേജ്മെന്‍റുകള്‍ തുടങ്ങി എല്ലാവര്‍ക്കും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകണം മൂന്നാര്‍. തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാനാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. അതിനപ്പുറത്തേക്ക് പോയാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും.
സ്ഥാപനം പ്രവര്‍ത്തിക്കുന്നവിധം പരമാവധി ആനുകൂല്യം എന്നതാണ് നല്ല മാതൃക. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്കരിച്ച എ.എ.ബി.വൈ പദ്ധതിയില്‍ മുഴുവന്‍ തോട്ടം തൊഴിലാളികളെയും കൊണ്ടുവരും. ലയങ്ങള്‍ നന്നാക്കുന്നതുള്‍പ്പെടെ മാനേജ്മെന്‍റുകളുടെ സഹകരണത്തോടെ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി തോട്ടം മേഖലയിലേക്കും വ്യാപിപ്പിക്കുക തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തില്‍ തീവ്രവാദം മുതല്‍ വിഘടനവാദം വരെ പ്രേരകശക്തികളാണെന്ന വ്യാഖ്യാനം യാഥാര്‍ഥ്യമല്ല.
തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ തൊഴിലാളി നേതാക്കള്‍ പരാജയപ്പെട്ടു. തൊഴിലാളികളുടെ അഭിപ്രായങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ അവര്‍ ശാസിച്ചും ശിക്ഷിച്ചും വരുതിയില്‍ നിര്‍ത്തി. കുറേക്കൂടി ജനാധിപത്യസ്വഭാവം തൊഴിലാളി യൂനിയന്‍ നേതൃത്വം സ്വീകരിച്ചേ മതിയാകൂ.
തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ മാനേജ്മെന്‍റ് കുറേക്കൂടി മാനുഷിക മുഖം കാണിക്കണമായിരുന്നു. പല നിയമങ്ങളും നടപ്പാക്കുന്നതില്‍ മാനേജ്മെന്‍റുകള്‍ വീഴ്ച വരുത്തി. അത് നടപ്പാക്കിക്കാന്‍ സര്‍ക്കാറുകള്‍ക്കും സാധിച്ചില്ല.
സാമ്പത്തിക പ്രതിസന്ധികളില്‍ സര്‍ക്കാറിനും കണ്ണടക്കേണ്ടി വന്നു. അധികാരത്തിലിരുന്ന എല്ലാവര്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. പ്രതിസന്ധി ഉണ്ടായാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
