ചിണ്ടന്‍ നായര്‍ അന്നേ പറഞ്ഞു, നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്ന്
text_fieldsപയ്യന്നൂര്‍: ‘നേതാജി മരിച്ചിട്ടില്ല, അങ്ങനൊരു വിമാനാപകടം ഉണ്ടായിട്ടുമില്ല. നേതാജിക്കൊപ്പമുണ്ടായിരുന്ന ലഫ്. കേണല്‍ ഹബീബുര്‍റഹ്മാന്‍ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം മരിച്ചെന്ന് എങ്ങനെ വിശ്വസിക്കും? എന്നേക്കാള്‍ ഒമ്പത് വയസ്സ് കൂടുതലുണ്ടായിരുന്ന നേതാജിക്കിപ്പോള്‍ 102 വയസ്സു കാണും’.
പയ്യന്നൂരിനടുത്ത കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമത്തിലെ എടാടന്‍ ചിണ്ടന്‍ നായര്‍ എട്ട് വര്‍ഷം മുമ്പ് ഇങ്ങനെ പറഞ്ഞപ്പോള്‍ ചരിത്രത്തോട് മുഖംതിരിക്കുന്നുവെന്നുപറഞ്ഞ് പരിഹസിച്ചവരായിരുന്നു ഏറെ. എന്നാല്‍, ഇപ്പോള്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച രഹസ്യ ഫയലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ചിണ്ടന്‍ നായരുടെ വാക്കുകളെ പുച്ഛിച്ച് തള്ളിയവരാണ് പരിഹാസ്യരാകുന്നത്.
2007 ആഗസ്റ്റില്‍ ‘വാരാദ്യ മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തിലാണ് നേതാജിയുടെ അനുയായിയായിരുന്ന ചിണ്ടന്‍ നായര്‍ ഇതു പറഞ്ഞത്. 93ാം വയസ്സിലും ഓര്‍മകള്‍ പൊടിതട്ടിയെടുത്ത അദ്ദേഹം നേതാജിയുടെ മരണകഥ തരിമ്പുപോലും വിശ്വസിച്ചിരുന്നില്ല.
അഭിമുഖത്തിന് ശേഷം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ചിണ്ടന്‍ നായര്‍ ഈ ലോകത്തോട് വിടവാങ്ങി. നേതാജിയുടെ തിരോധാനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ ചിണ്ടന്‍ നായരുടെ വാക്കും നിശ്ചയദാര്‍ഢ്യവും ചര്‍ച്ചയാവുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ കാര്‍ ഡ്രൈവറായിരുന്നു ചിണ്ടന്‍ നായര്‍. 1945 ആഗസ്റ്റ് 17ന് സെയ്ഹോണ്‍ വിമാനത്താവളത്തിലേക്ക് ലോകംകണ്ട ഏറ്റവും വലിയ വിപ്ളവകാരികളിലൊരാളായ സുഭാഷ് ചന്ദ്രബോസ് സഞ്ചരിച്ച ജര്‍മന്‍ നിര്‍മിത കാര്‍ ഓടിച്ചത് ചിണ്ടന്‍ നായരായിരുന്നു. ബോസിന്‍െറ കൂടെ കേണല്‍ ഹബീബുര്‍റഹ്മാനുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിമാനാപകടം കെട്ടുകഥയാണെന്ന് ചിണ്ടന്‍ നായര്‍ അവസാനകാലം വരെ വിശ്വസിച്ചു.
1945ന് ശേഷം എന്തുകൊണ്ട് നേതാജി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടില്ല എന്ന ചോദ്യത്തിനും ചിണ്ടന്‍ നായര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ജപ്പാന്‍െറ പരാജയത്തിനുശേഷം ബോസ് തിരിച്ചത്തെിയാല്‍ നെഹ്റു അദ്ദേഹത്തെ ബ്രിട്ടന് കൈമാറുമെന്നതിനാല്‍ അജ്ഞാത വാസത്തിലായി എന്നാണ് അദ്ദേഹത്തിന്‍െറ ന്യായീകരണം.1914ല്‍ ആലപ്പടമ്പില്‍ ജനിച്ച ചിണ്ടന്‍ നായര്‍ 17ാം വയസ്സില്‍ നാടുവിട്ട് മലേഷ്യയിലത്തെി പൊതുമരാമത്ത് വകുപ്പില്‍ ഹെല്‍പറായി. തുടര്‍ന്ന് ഡ്രൈവറായി സ്ഥാനക്കയറ്റം ലഭിച്ചു. മലേഷ്യയിലെ സമ്പ്രാനില്‍ ജോലി ചെയ്യവേ ‘നിങ്ങളെനിക്ക് രക്തം തരൂ,ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാം’ എന്ന നേതാജിയുടെ വിശ്വപ്രസിദ്ധ പ്രസംഗത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത സംഘത്തില്‍ ചിണ്ടന്‍ നായരുമുണ്ടായിരുന്നു. ഇന്ത്യ-ബര്‍മ അതിര്‍ത്തി കടന്ന പോരാളികള്‍ ജപ്പാന്‍ സേനയുടെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
ജപ്പാന്‍, സഖ്യസേനക്ക് കീഴടങ്ങിയത് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന് തിരിച്ചടിയായി. എന്നാല്‍, രക്ഷപ്പെടാന്‍ സുഭാഷ്ചന്ദ്രബോസിന് ജപ്പാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. അങ്ങനെയാണ് കേണല്‍ ഹബീബുര്‍റഹ്മാനൊപ്പം കാറില്‍ വിമാനത്താവളത്തിലേക്ക് പോകുന്നത്. മൂന്നു മാസത്തിനകം തിരിച്ചുവരുമെന്നു പറഞ്ഞ ആ യാത്ര ഒരിക്കലും അന്ത്യയാത്രയായിരുന്നില്ളെന്നാണ് ചിണ്ടന്‍ നായര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
പുതിയ വെളിപ്പെടുത്തലുകള്‍ അറിയാന്‍ ചിണ്ടന്‍ നായര്‍ ജീവിച്ചിരിപ്പില്ളെങ്കിലും അദ്ദേഹത്തിന്‍െറ വാക്കുകള്‍ ജനങ്ങളില്‍ പച്ചപിടിച്ചിരിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
