മഹല്ല് കമ്മിറ്റിയുടെ വിചിത്ര ഉത്തരവ് വിവാദമായി
text_fieldsകുറ്റിക്കാട്ടൂര്‍: മഹല്ല് നിവാസികള്‍ക്ക് മുന്നറിയിപ്പായി കായലം മഹല്ല് കമ്മിറ്റി ഇറക്കിയ വിചിത്ര ഉത്തരവ് വിവാദമായി. സുന്നികളല്ലാത്ത മുസ്ലിംകള് മരിച്ചാല്‍ മയ്യിത്ത് കട്ടില്, കല്ല്, സ്ളാബ്, ഖബര്‍ കുഴിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പള്ളികമ്മിറ്റി അനുവദിക്കുന്നതല്ളെന്ന അറിയിപ്പ് നാട്ടിലെങ്ങും പതിച്ചതാണ് വിവാദമായത്. കായലം മുഹമ്മദിയ്യ ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെയും ബ്രാഞ്ച് മഹല്ലുകളായ പെരുമണ്ണ പാറ, പള്ളിക്കടവ്, ഊര്‍ക്കടവ് മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹികള്‍ സംയുക്തമായി എടുത്ത തീരുമാനമാണിതെന്നാണ് നോട്ടീസില്‍ അവകാശപ്പെടുന്നത്. തബ്ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, വ്യാജ ത്വരീഖത്ത് തുടങ്ങിയ പ്രസ്ഥാനക്കാര്‍ കായലം, പെരുമണ്ണ പാറ, പള്ളിക്കടവ്, ഊര്‍ക്കടവ് മഹല്ലുകളില്‍ മരിച്ചാല്‍ കായലം മഹല്ല് കമ്മിറ്റിയുടെ അനുവാദം നേടി സ്വന്തംനിലയില്‍ ഖബര്‍ കുഴിച്ച് മറവുചെയ്യണം. പള്ളിയുമായി ബന്ധപ്പെട്ട മയ്യിത്ത് കട്ടില്, കല്ല്, സ്ളാബ്, ഖബര്‍ കുഴിക്കാനുള്ള ഉപകരണങ്ങള്‍ ഒന്നും നല്‍കില്ല. സുന്നികളല്ലാത്തവരുടെ മയ്യിത്ത് നമസ്കാരത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും മഹല്ല് ഖത്തീബും മുഅദ്ദിനും കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കില്ല. എന്നാല്‍, കായലം മഹല്ല് കമ്മിറ്റിക്ക് നല്‍കേണ്ട വാര്‍ഷിക വരിസംഖ്യ ഓരോ മെംബര്‍മാരും കൃത്യമായി നല്കി രസീതി വാങ്ങേണ്ടതാണെന്നും നോട്ടീസിലുണ്ട്. മഹല്ലിലും സമീപപ്രദേശങ്ങളിലും നിര്‍ദേശങ്ങള്‍ പോസ്റ്ററായും ഫ്ളക്സ് ബോര്‍ഡ് ആയും പതിച്ചിട്ടുണ്ട്.
1940ല്‍ പള്ളിയാറം കുന്നത്ത് ചേക്കുഹാജി എന്ന സമുദായസ്നേഹി മൊത്തം മുസ്ലിംകള്ക്കുവേണ്ടി വഖഫ് ചെയ്ത ഭൂസ്വത്തിലാണ് മഹല്ല് കമ്മിറ്റിയുടെ ഉത്തരവ്. ഇതിനെതിരെ മഹല്ലില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കായലം മഹല്ലിനെ മുസ്ലിം പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനേ നടപടി ഉതകൂ എന്നാണ് ഇവരുടെ നിലപാട്. മഹല്ല് കമ്മിറ്റിയുടെ നിയമവിരുദ്ധ നടപടിക്കെതിരെ വഖഫ് ബോര്‍ഡിനെയും കോടതിയെയും സമീപിക്കുമെന്ന് ചില മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചു.
എന്നാല്‍ പള്ളികമ്മിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പുത്തനാശയക്കാര്‍ നോട്ടീസടിക്കുകയും വ്യക്തിഹത്യ നടത്തുകയും പള്ളിഭരണഘടന അനുസരിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇത്തരം നടപടിക്ക് മുതിര്‍ന്നതെന്ന് കായലം പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് സി.വി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
