സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഉമ്മന്‍ചാണ്ടിക്കെതിരെ സുപ്രഭാതം മുഖപ്രസംഗം
text_fieldsകോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശവുമായി സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം ദിനപത്രം. ഉമ്മന്‍ചാണ്ടി കേരളീയരുടെ മുഴുവന്‍ മുഖ്യമന്ത്രിയാണ്, ഒരു വിഭാഗത്തിന്‍റേതു മാത്രമല്ളെന്ന് ഓര്‍ക്കണം. ഫയലുകളില്‍ എഴുതുന്ന കൈവിരലുകളില്‍ മാത്രം ഐ.എ.എസ് മുദ്ര ഉണ്ടായാല്‍പോര, ആത്മാവിലും അതു പതിയണം. എങ്കില്‍ മാത്രമേ നീതിക്കു വേണ്ടിയുള്ള ഒരു ജനതയുടെ നിലവിളി കേള്‍ക്കാനാകൂ. ഒരു തുറന്ന സമരത്തിന് ഇടനല്‍കാതെ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ടെന്നും 'സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുകള്‍ക്ക് ഇരട്ടനീതിയോ?' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചെന്ന പേരിലാണ് എം.ഇ.എസ് മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ റദ്ദാക്കിയതെങ്കില്‍ സര്‍ക്കാര്‍ കരാര്‍ ലംഘിച്ചു ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് ഇതു ബാധകമല്ളേ? ആരോടും വിദ്വേഷമില്ലാതെ, ആരോടും പ്രീണനമില്ലാതെ ഭരിക്കുമെന്നു സത്യപ്രതിജ്ഞ ചൊല്ലിയത് വെറും വീണ്‍ വാക്കായിരുന്നോ? അടുത്ത മൂന്നു വര്‍ഷത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം ഫീസ് വര്‍ധിപ്പിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് ഉമ്മന്‍ചാണ്ടി നല്‍കിയ അനുമതി ഏതു നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ്? അനുമതിപ്രകാരം ഈ മാനേജ്മെന്‍റുകള്‍ക്ക്, വരുന്ന മൂന്നു വര്‍ഷങ്ങളില്‍ തുടക്കത്തില്‍ നാലു ലക്ഷവും പിന്നീടുള്ള ഓരോ വര്‍ഷങ്ങളില്‍ തുക വര്‍ധിപ്പിച്ചും വാങ്ങാവുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി എം.ഇ.എസ് മെഡിക്കല്‍ കോളജ് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ് നിശ്ചയിച്ച് എം.ഇ.എസ്, സര്‍ക്കാരുമായി നേരത്തെ കരാറില്‍ ഏര്‍പ്പെട്ടതുമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്കാവട്ടെ 4.85 ലക്ഷം ഫീസില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. ഇതിനു പുറമെ ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ച ഫീസും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതേതര, ജനാധിപത്യ കക്ഷി ഭരിക്കുന്ന കൊച്ചു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരു സമുദായത്തിന്‍റെ അവകാശ, ആനുകൂല്യങ്ങള്‍ക്കെതിരേ നടക്കുന്ന ഉപജാപങ്ങളും ഗൂഢാലോചനകളും കണ്ടില്ളെന്നു നടിക്കാനാവില്ല. അതിലെ ഏറ്റവും അവസാനത്തേതാണ് എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനെതിരേ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനകള്‍. ഇതിന്‍റെ പിന്നിലും സെക്രട്ടേറിയറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ നീരാളിക്കൈകള്‍ ഉണ്ടെന്നുവേണം കരുതാന്‍. ന്യൂനപക്ഷ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന നീരാളിക്കൈകളാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
