സ്കൂള്‍ പ്രവേശത്തിന് പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ശിപാര്‍ശ
text_fieldsമലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശസമയത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധകുത്തിവെപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പിനോട് ശിപാര്‍ശ ചെയ്യും. മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘത്തിന്‍െറ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ ആശയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) തുടങ്ങിയ സംഘടനകള്‍ നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ഇതിനെ പൂര്‍ണമായും പിന്തുണക്കുന്നതായി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍ പറഞ്ഞു.
ലോകവ്യാപകമായി ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും പ്രതിരോധ മരുന്ന് ലഭിക്കണമെന്നത് കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നവരുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പൂര്‍ണമായി നിയന്ത്രണവിധേയമാണെങ്കിലും പകര്‍ച്ചാസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഡോ. ജി. സുനില്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ 15 വയസ്സ് വരെയുള്ള 25 ശതമാനത്തോളം കുട്ടികള്‍ പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പെടുക്കാത്തവരാണ്. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ക്ളാസ് അധ്യാപികയുടെ സഹായത്തോടെ ഈ കുട്ടികളെ കണ്ടത്തെി പട്ടിക തയാറാക്കും. അഞ്ച് കുട്ടികളിലാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.
ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളില്‍ ഡിഫ്തീരിയ സംശയിക്കുന്നുമുണ്ട്. ഇവരുമായി അടുത്ത് ഇടപഴകിയവര്‍ക്ക് ടി.ഡി വാക്സിന്‍ നല്‍കും. പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് ഒരു ഡോസും ഭാഗികമായി കുത്തിവെപ്പെടുത്തവരോ തീരെ എടുക്കാത്തവരോ ആയ കുട്ടികള്‍ക്ക് മൂന്ന് ഡോസും വാക്സിനാണ് നല്‍കുക. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്ന പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ 10, 16 വയസ്സുള്ളവര്‍ക്ക് ടി.ടി വാക്സിനാണ് നല്‍കുന്നത്. ഇതിന് പകരമായി, ടി.ഡി വാക്സിന്‍ നല്‍കാന്‍ ശിപാര്‍ശ നല്‍കും.
ഇതരസംസ്ഥാനക്കാരുടെ ലേബര്‍ ക്യാമ്പുകളില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഒക്ടോബര്‍ ഒന്നു മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ക്യാമ്പ് നടത്തും. ഇതോടൊപ്പം മൊബൈല്‍ ക്യാമ്പും പ്രവര്‍ത്തിക്കും. ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാന്‍ അസി. ഡയറക്ടര്‍ ഡോ. സന്തോഷിനെ ചുമതലപ്പെടുത്തിയതായും ഡോ. സുനില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഡിഫ്തീരിയ ബാധിച്ച കാളമ്പാടി, വെട്ടത്തൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വീണ്ടും യോഗം ചേര്‍ന്ന സംഘം മലപ്പുറം ജില്ലക്കായി ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിനായി സംഘം മൂന്നുദിവസം ജില്ലയില്‍ തങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
