മൂന്നാര്‍: പ്രാദേശികഘടകത്തിനും ട്രേഡ് യൂനിയനും വീഴ്ചപറ്റിയെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്ന പ്രതിഷേധം മനസ്സിലാക്കുന്നതില്‍ അവിടത്തെ പാര്‍ട്ടിക്കും ട്രേഡ് യൂനിയനും വീഴ്ചപറ്റിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍.
മൂന്നാറിലെ വീഴ്ച സംബന്ധിച്ച് വിശദ പരിശോധന നടത്താന്‍ ജില്ലാകമ്മിറ്റിക്ക് നിര്‍ദേശംനല്‍കിയതായി അറിയിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മൂന്നാര്‍ സമരം പാര്‍ട്ടിക്കുള്ള സന്ദേശമാണെന്നും വ്യക്തമാക്കി.
രണ്ടുദിവസത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ എം.എല്‍.എ എന്ന നിലയില്‍ എസ്. രാജേന്ദ്രന്‍ പങ്കെടുക്കേണ്ടതായിരുന്നു. ബോണസ് കുറച്ചതിലും കൂലി വര്‍ധിപ്പിക്കാത്തതിലുമുള്ള അതൃപ്തി പല ഘട്ടങ്ങളിലും തൊഴിലാളികള്‍ പ്രകടിപ്പിച്ചെങ്കിലും അത് മനസ്സിലാക്കുന്നതില്‍ വീഴ്ചവന്നു.
500 രൂപ കൂലി, 20 ശതമാനം ബോണസ് എന്നീ ആവശ്യമുയര്‍ത്തി ആഗസ്റ്റ് 20ന് സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തില്‍ എല്ലാ തോട്ടങ്ങളിലും പണിമുടക്ക് നടന്നിരുന്നു.
മൂന്നാറില്‍ സി.ഐ.ടി.യുവില്‍പെടാത്ത 700 തൊഴിലാളികള്‍ അന്ന് പണിമുടക്കിയിട്ടും തുടര്‍നടപടി സംഘടന സ്വീകരിച്ചില്ല. അതില്‍ തൊഴിലാളികള്‍ അസംതൃപ്തരായിരുന്നു.
സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കില്‍ സി.ഐ.ടി.യു നേതാവ് പ്രസംഗിച്ചശേഷം ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി നേതാക്കള്‍ പ്രസംഗിച്ചപ്പോള്‍ തൊഴിലാളികളുടെ പ്രതിഷേധം വന്നു. അതിനുശേഷവും പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കുന്നതില്‍ വീഴ്ചവന്നു. 21 കിലോയില്‍ കൂടുതല്‍ തേയില നുള്ളുന്നത് ഒഴിവാക്കി ഇന്‍സെന്‍റീവ് വേണ്ടെന്നുവെച്ച് തൊഴിലാളികള്‍ മെല്ളെപ്പോക്ക് സമരം ആരംഭിച്ചതോടെ മാനേജ്മെന്‍റിന് പ്രയാസം വന്നു.
അവര്‍ യോഗം വിളിച്ചപ്പോള്‍ മൂന്ന് ട്രേഡ് യൂനിയനുകള്‍ മെല്ളെപ്പോക്ക് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശംനല്‍കി. ഇതോടെയാണ് യൂനിയനുകള്‍ക്കെതിരെ തൊഴിലാളികള്‍ തിരിഞ്ഞത്. ഇതുതിരിച്ചറിയാന്‍ പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വത്തിനായില്ല.ടാറ്റാ മാനേജ്മെന്‍റ് കടുത്ത ചൂഷണമാണ് നടത്തുന്നത്.
232 രൂപ എന്ന കൂലി തമിഴ്നാട്ടിലേതിനെക്കാള്‍ കുറവാണ്. ലയങ്ങളില്‍ അഞ്ചും എട്ടും കുടുംബങ്ങള്‍ക്ക് ഒരു ശുചിമുറി മാത്രമാണുള്ളത്. ഇവ പുതുക്കാനും സൗകര്യമൊരുക്കാനും മാനേജ്മെന്‍റ് നടപടിയെടുക്കുന്നില്ല. ലയങ്ങള്‍ നവീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ വര്‍ഷം 10 കോടിയും ഇക്കൊല്ലം 15 കോടിയും മാറ്റിവെച്ചെങ്കിലും ചെലവിട്ടില്ല. ഇതെല്ലാം തൊഴിലാളികളില്‍ അസ്വസ്ഥത പടര്‍ത്തിയെന്ന് കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
