പ്രായം നോക്കാതെ അവരെയും പരിചരിക്കണം; ക്ഷമയോടെ
text_fieldsകോഴിക്കോട്: അവരുടെ മറവിക്ക് നിങ്ങളുടെ ഓര്‍മകള്‍ കൂട്ടാകണം. മറവിയുടെ ക്രൂരതക്കുമുന്നില്‍ പൊടുന്നനെ ശൂന്യമാകുന്ന മനസ്സിന് കുളിരേകാനും പാതിയറ്റുപോയ ഓര്‍മകള്‍ക്കൊപ്പം അവരെ കൈപ്പിടിച്ച് നടത്താനും അവരോടൊപ്പമുള്ളവര്‍ തയാറാകണം.
എന്നാല്‍, മറ്റൊരു അല്‍ഷൈമേഴ്സ് ദിനംകൂടി കടന്നുപോകുമ്പോള്‍ മറവിരോഗം ബാധിച്ചവര്‍ക്കല്ല അവരോടൊപ്പമുള്ളവരുടെ മനസ്സിലേക്കാണ് വെളിച്ചം പകരേണ്ടതെന്ന തിരിച്ചറിവാണ് രണ്ടുവര്‍ഷമായി കോഴിക്കോട് പെരുവയല്‍ കായലത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഷൈമേഴ്സ് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്‍റര്‍ എന്ന സൊസൈറ്റിയുടെ ഡിമന്‍ഷ്യ പരിചരണകേന്ദ്രം നല്‍കുന്നത്. രോഗികളെ സെന്‍ററിലത്തെിക്കുന്നതിനുപകരം അവരുടെ വീടുകളിലത്തെി പരിചരിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്.
മറവിരോഗത്തിന്‍െറ ഇരുട്ടിലകപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ വീട്ടുകാരുടെ പിന്തുണ അത്യാവശ്യമാണെന്ന തിരിച്ചറിവാണ് സൊസൈറ്റിയെ ഇതിലേക്ക് നയിച്ചത്. ഇതുവരെ കോഴിക്കോട് ജില്ലയിലെ ഓര്‍മനഷ്ടപ്പെട്ട 300ഓളം പേരുടെ വീടുകളിലത്തെി ആവശ്യമായ പരിചരണം നല്‍കിയിട്ടുണ്ട്. വീടുകളിലെ ഓര്‍മനഷ്ടപ്പെട്ട പ്രായമായവരെ അവഗണിക്കുന്നത് അവരുടെ രോഗത്തിന്‍െറ തീവ്രത വര്‍ധിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് അവശേഷിക്കുന്ന ഓര്‍മ നഷ്ടപ്പെടാതിരിക്കാനുള്ള പരിചരണവും സ്നേഹവുമാണ് നല്‍കേണ്ടതെന്ന സന്ദേശവുമായി സൊസൈറ്റി വീടുകളിലത്തെി ബോധവത്കരണം നടത്തുന്നു.
അതീവ ഗൗരവമായി നോക്കേണ്ട മൂന്നുപേരെ മാത്രമാണ് സെന്‍ററിലത്തെിച്ച് പരിചരിച്ചത്. 94 വയസ്സുള്ള വൃദ്ധയെ ഇവിടെയത്തെിക്കുമ്പോള്‍ അവര്‍ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. സ്ഥിരമായി സെന്‍ററിലത്തെിയിരുന്ന ബന്ധുക്കളെപ്പോലും അവര്‍ മറന്നുപോയിരുന്നു.
സെന്‍ററിലെ പരിചരണത്തിന്‍െറ ഫലമായി അവരുടെ അല്‍ഷൈമേഴ്സ് രോഗത്തിന്‍െറ തീവ്രത കുറക്കാനായി. വീട്ടിലത്തെിയശേഷം ശരിയായ പരിചരണം ലഭിച്ചില്ളെങ്കില്‍ പഴയ അവസ്ഥയിലേക്ക് അവര്‍ തിരിച്ചുപോകും. തിങ്കളാഴ്ച മുതല്‍ സെന്‍ററില്‍ രോഗികളെ നേരിട്ടത്തെിച്ച് മുഴുവന്‍ സമയവും പരിചരണം നല്‍കാന്‍ തുടങ്ങുകയാണെന്ന് പ്രോഗ്രാം ഓഫിസര്‍ പി. സതീഷ്കുമാര്‍ പറഞ്ഞു. സൊസൈറ്റി നടത്തിയ പഠനത്തില്‍ കോഴിക്കോട് ജില്ലയില്‍ 300ഓളം പേരെ പരിശോധനക്കുവിധേയമാക്കിയതില്‍ 70ഓളം പേര്‍ക്ക് പ്രാഥമികമായി അല്‍ഷൈമേഴ്സിന്‍െറ ലക്ഷണങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.
കുടുംബാംഗങ്ങള്‍ക്ക് പരിശീലന ക്ളാസുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കൗണ്‍സലിങ്, പഠന-ഗവേഷണങ്ങള്‍ തുടങ്ങിയവയും സൊസൈറ്റി നടത്തുന്നു. സൊസൈറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍: 9446695744, 9656508877.
എല്ലാ ഓര്‍മക്കുറവും മറവിരോഗമല്ല
ലോകത്ത് 35 ദശലക്ഷത്തിലധികം പേര്‍ ഇന്ന് മറവിരോഗബാധിതരാണെന്നാണ് കണക്ക്. ഇതില്‍ 36 ലക്ഷത്തിലധികം പേര്‍ ഇന്ത്യയിലാണ്. 2011ലെ കണക്കുപ്രകാരം കേരളത്തില്‍ 1.9 ലക്ഷം പേര്‍ക്ക് മറവിരോഗമുണ്ട്. 60 വയസ്സിനുമുകളിലുള്ളവരിലാണ് കൂടുതലും രോഗം കണ്ടത്തെുന്നത്. ഒരു വ്യക്തിയുടെ ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന തലച്ചോറ് രോഗബാധിതമായി തന്‍െറ ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഡിമന്‍ഷ്യ അഥവാ അല്‍ഷൈമേഴ്സ്. മറ്റ് അസുഖങ്ങള്‍ മൂലവും ഡിമന്‍ഷ്യ വരാം. എന്നാല്‍, എല്ലാ ഓര്‍മക്കുറവും മറവിരോഗമല്ല. അല്‍ഷൈമേഴ്സിന്‍െറ ഒരു ലക്ഷണം അതിലുള്‍പ്പെട്ടാലും മറവിരോഗമാണെന്ന് തെറ്റിദ്ധരിക്കരുത്.
പ്രധാന രോഗലക്ഷണങ്ങള്‍
- ക്രമേണ വര്‍ധിച്ചുവരുന്ന ഓര്‍മക്കുറവ്
- സംസാരിക്കുമ്പോള്‍ വിഷയം മാറിപ്പോകുക
- പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിക്കുക
- സ്ഥലകാല ബോധം നഷ്ടമാവുക
- പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.