അഴീക്കോടന്‍ വധം: സംഭവം നടക്കുമ്പോള്‍ ‘ഒന്നാം പ്രതി’ അച്ചന്മാരോടൊത്ത് റെയില്‍വേ സ്റ്റേഷനില്‍
text_fieldsകൊച്ചി: സി.പി.എം നേതാവ് അഴീക്കോടന്‍ രാഘവന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ‘ഒന്നാം പ്രതി’ ഇഗ്നേഷ്യസ് സംഭവം നടക്കുമ്പോള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍ കാല്‍വരി ആശ്രമത്തിലെ അച്ചന്മാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നുവെന്ന്. മറ്റൊരു പ്രതി ആര്യന്‍ സംഭവത്തിന്‍െറ തലേന്ന് തന്നെ പൊലീസ് കസ്റ്റഡിയിലുമായിരുന്നു.
‘ഒരു ആത്മകഥ എഴുതുമ്പോള്‍’ എന്ന ഇഗ്നേഷ്യസിന്‍െറ ആത്മകഥയിലാണ് കേസില്‍ താന്‍ നിരപരാധിയാണെന്ന് പറയുന്നത്. 2012ല്‍ മരിച്ച ഇഗ്നേഷ്യസിന്‍െറ സുഹൃത്തുക്കള്‍ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 23ന് അഴീക്കോടന്‍ കൊല്ലപ്പെട്ട് 43വര്‍ഷം പൂര്‍ത്തിയാവുമ്പോഴും കേരളത്തെ ഞെട്ടിച്ച ആ സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട്. ഇഗ്നേഷ്യസിന്‍െറ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ ഇത് വീണ്ടും ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും.
1972 സെപ്റ്റംബര്‍ 23ന് സന്ധ്യയോടെയാണ് തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ കുത്തേറ്റ് മരിച്ചത്. ഇഗ്നേഷ്യസ് ഉള്‍പ്പെടെയുള്ളവര്‍ ആര്യന്‍െറ നേതൃത്വത്തില്‍ സി.പി.എം. വിട്ട് കമ്യൂണിസ്റ്റ് യൂനിറ്റി സെന്‍റര്‍( സി.യു.സി) എന്ന പാര്‍ട്ടി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. സി.പി.എമ്മിന് തലവേദനയുണ്ടാക്കിയ പാര്‍ട്ടിയായിരുന്നു സി.യു.സി. ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. അഴീക്കോടന്‍ വധത്തോടെ ആ പാര്‍ട്ടി ഇല്ലാതായി.
വധത്തിന് പിന്നില്‍ ആര്യന്‍ ഗ്രൂപ്പാണെന്ന് സി.പി.എം ആരോപിച്ചു. ഇഗ്നേഷ്യസ്, ആര്യന്‍ എന്നിവരടക്കം സി.യു.സി.യുടെ പ്രമുഖ നേതാക്കള്‍ അറസ്റ്റിലായി. ഇഗ്നേഷ്യസ് ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കുകയും ചെയ്തു. അഴീക്കോടന്‍ വധം നടക്കുമ്പോള്‍ താന്‍ കാല്‍വരി ആശ്രമത്തിലെ ക്ളോഡ് അച്ചന്‍, വല്ലച്ചിറക്കാരന്‍ അച്ചന്‍ എന്നിവരുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നെന്ന് ‘അഴീക്കോടന്‍ രാഘവന്‍െറ മരണം’ എന്ന അധ്യായത്തില്‍ ഇഗ്നേഷ്യസ് പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ കടന്നാല്‍ വീട്ടിലേക്ക് എളുപ്പം എത്താം. അതുകൊണ്ട് ആ വഴിയാണ് പോകാറ്. അങ്ങനെ പോകുമ്പോഴാണ് മുംബൈയിലേക്ക് പോകാന്‍ എത്തിയ അച്ചന്മാരെ കണ്ടത്. മൂന്ന് അച്ചന്മാര്‍ ഉണ്ടായിരുന്നു. രാത്രി 9.50ന് വരുന്ന വണ്ടി എത്തുന്നതിന്‍െറ തൊട്ടുമുമ്പ്വരെ ഇവരുമായി സംസാരിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് പോയി. പിന്നീട് പാതിരയോടെ പൊലീസ് എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ എത്തിയപ്പോഴാണ് അഴീക്കോടന്‍ കൊല്ലപ്പെട്ടതറിഞ്ഞതും തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് മനസ്സിലായതും- ആത്മകഥയില്‍ പറയുന്നു.
അഴീക്കോടന്‍ വധം നടക്കുന്ന സമയം ആര്യന്‍ പാലക്കാട് മംഗലം ഡാമില്‍ സി.യു.സി വിശദീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നെന്നും ആത്മകഥയില്‍ പറയുന്നു. രാത്രി 8.30 ഓടെയാണ് ആര്യന്‍, പാര്‍ട്ടി നേതാക്കളായ കുറുവത്ത് ഗോപാലന്‍, കെ.എസ്. വാസു എന്നിവരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനെ ചിലര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ച വിവരം ലഭിച്ചതുകൊണ്ട് രക്ഷിക്കാന്‍ കസ്റ്റഡിയിലെടുത്തതാണെന്നായിരുന്നു പൊലീസ് വിശദീകരണം. രാത്രി 10നാണ് ആര്യനെയും കൊണ്ട് വടക്കഞ്ചേരി പൊലീസ് തൃശൂര്‍ക്ക് പുറപ്പെട്ടത്-ആത്മകഥയില്‍ പറയുന്നു.
ആര്യനും ഇഗ്നേഷ്യസും ഇന്നില്ല. 2012 ഡിസംബര്‍ 12നാണ് ഇഗ്നേഷ്യസ് മരിച്ചത്. അഴീക്കോടന്‍ വധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസിന്‍െറ കൊടിയ മര്‍ദനത്തില്‍ അദ്ദേഹം വികലാംഗനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
