തദ്ദേശ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് യോഗം ചൊവ്വാഴ്ച
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് യോഗം ചൊവ്വാഴ്ച ചേരും. ഘടകകക്ഷികളുടെ ആവശ്യംകൂടി പരിഗണിച്ച് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളാകും മുന്‍നിശ്ചയപ്രകാരം ചേരുന്ന യോഗം പരിഗണിക്കുക. രാവിലെ 10ന് ക്ളിഫ്ഹൗസിലാണ് യോഗം.
പാലക്കാട് ലോക്സഭാ സീറ്റിലെ തോല്‍വിയെപ്പറ്റി അന്വേഷിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടി വൈകുന്നതിലെ അതൃപ്തി കഴിഞ്ഞ യോഗത്തില്‍ ജെ.ഡി.യു ഉന്നയിച്ചിരുന്നു. അടുത്ത യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് അന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചെങ്കിലും അതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റുമായി ചര്‍ച്ചചെയ്യാന്‍ സാവകാശം ലഭിച്ചില്ളെന്നും അതുമൂലമാണ് പരിഗണിക്കാന്‍ വൈകിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാല്‍, ഒരുമാസത്തിനു ശേഷം വീണ്ടും മുന്നണിയോഗം ചേരുമ്പോഴും സ്ഥിതിക്ക് മാറ്റമില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മൂലം ഒന്നിച്ചിരിക്കാന്‍പോലുമുള്ള മാനസികാവസ്ഥയിലല്ല കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. കെ.പി.സി.സിക്ക് മാത്രമേ ഇവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ സാധിക്കൂ. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലെ അകല്‍ച്ച കാരണം അതിനെപ്പറ്റിയൊന്നും ആലോചിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടി കൂടിയേതീരൂവെന്ന നിലപാടിലാണ് ജെ.ഡി.യു നേതൃത്വം. ഇക്കാര്യം ചൊവ്വാഴ്ചത്തെ യോഗത്തിലും അവര്‍ ഉന്നയിക്കും. കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ് പാലിക്കാത്തതിലെ അതൃപ്തിയും വ്യക്തമാക്കും.
എന്നാല്‍, റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിച്ച് മുന്നണിയിലെ അന്തരീക്ഷം കലുഷിതമാക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍െറ പൊതുനിലപാട്.
അതിനാല്‍ ജെ.ഡി.യു നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി താല്‍ക്കാലിക പരിഹാരം കാണാനാണ് കോണ്‍ഗ്രസിന്‍െറ നീക്കം.ജില്ലാ യു.ഡി.എഫ് പുന$സംഘടന ഉള്‍പ്പെടെ ഘടകകക്ഷികളുടെ വിവിധ ആവശ്യങ്ങളും പരാതികളും പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചക്ക് കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അതും നടപ്പായില്ല.
പരാതികളെല്ലാം അതേപടി നിലനില്‍ക്കുകയാണ്. കോഴിക്കോട് അല്ളെങ്കില്‍ വയനാട് ജില്ലയില്‍ മുന്നണി നേതൃത്വം ലഭിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെടുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പ്രസിഡന്‍റ്, വൈസ്-പ്രസിഡന്‍റ് സ്ഥാനങ്ങളും കോര്‍പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളും ഏതൊക്കെ കക്ഷികള്‍ക്കായിരിക്കുമെന്നതില്‍ ധാരണക്കുള്ള ശ്രമവും യോഗത്തില്‍ ഉണ്ടാവും. ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ പങ്കിടല്‍ സംബന്ധിച്ചും ധാരണ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിള്ള ഗ്രൂപ് മുന്നണി വിട്ടു.
സി.എം.പി, ജെ.എസ്.എസ് കക്ഷികള്‍ പൂര്‍ണമായി മുന്നണിയിലില്ല. അതേസമയം, ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി ഇപ്പോള്‍ യു.ഡി.എഫില്‍ ആണ്. സീറ്റും പദവികളും വീതംവെക്കുമ്പോള്‍ ഇതെല്ലാം കോണ്‍ഗ്രസിന് കണക്കിലെടുക്കേണ്ടിവരും. കൂടാതെ, പുതുതായി നിലവില്‍വന്ന കണ്ണൂര്‍ കോര്‍പറേഷനുവേണ്ടി ഇതിനകംതന്നെ കോണ്‍ഗ്രസും മുസ്ലീം ലീഗും ചരടുവലി ആരംഭിച്ചു. പുതിയ 28 മുനിസിപ്പാലിറ്റികളുടെ ഭരണനേതൃത്വം സംബന്ധിച്ച തീരുമാനത്തിനും കാര്യമായ ചര്‍ച്ചകള്‍ ആവശ്യമായിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
