മലപ്പുറത്ത് മുമ്പേ ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ രോഗങ്ങള്‍ വര്‍ധിച്ചു
text_fieldsമഞ്ചേരി: കുത്തിവെപ്പിലൂടെ ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന രോഗങ്ങള്‍ പിടിപെടുന്നതിലും അതുവഴിയുള്ള മരണത്തിലും മലപ്പുറം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിച്ചിട്ടും ബോധവത്കരണം താഴേതട്ടിലത്തെിയില്ല. 2000 മുതല്‍ 2009 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവയുടെ കണക്കുകളാണ് ഞെട്ടിക്കുന്നത്. 2000 മുതല്‍ 2009 വരെ സംസ്ഥാനത്ത് 14 ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ 55 ആണ്. ഈ രോഗം ബാധിച്ച് ഏഴ് കുഞ്ഞുങ്ങള്‍ മരിച്ചു. 27 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്ത് അഞ്ചുപേരാണ് മരിച്ചത്.
2000ത്തില്‍ രണ്ട് കേസ്, 2001ല്‍ മൂന്ന് കേസ് (രണ്ട് മരണം), 2003ല്‍ രണ്ട് കേസ്, 2006ല്‍ ഒരു കേസ്, 2007ല്‍ മൂന്ന് കേസ് (ഒരു മരണം), 2008ല്‍ 14 കേസ് (രണ്ട് മരണം), 2009ല്‍ രണ്ട് കേസ് എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്ട് ഏഴും എറണാകുളത്ത് ഒമ്പതും കേസ് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കുഞ്ഞുങ്ങളില്‍ മലപ്പുറത്ത് അഞ്ച്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് മരണം. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പ് നല്‍കിയതാണ് കണക്കുകള്‍.
ഡിഫ്തീരിയ ബാധിച്ച് പെരിന്തല്‍മണ്ണ പൂപ്പലത്ത് കുഞ്ഞ് മരിച്ച 2008ലാണ് മലപ്പുറത്ത് ഈ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പെരിന്തല്‍മണ്ണ, മങ്കട ബ്ളോക്ക് പരിധികളെ സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പെടുത്ത പ്രദേശങ്ങളാക്കി മാറ്റാന്‍ പ്രത്യേക കാമ്പയിന്‍ തുടങ്ങിയത് പാതിവഴിയില്‍ നിന്നു. 2000 മുതല്‍ 2009 വരെ സംസ്ഥാനത്ത് 107 പേര്‍ക്ക് ടെറ്റനസ് ബാധിച്ച് 11 പേര്‍ മരിച്ചിരുന്നു. രോഗം ബാധിച്ച 65 പേരും 11 മരണങ്ങളില്‍ എട്ടുപേരും മലപ്പുറത്ത്. ഈ കണക്കുകളും ആരോഗ്യ വകുപ്പിനെ വേണ്ടവിധം കണ്ണുതുറപ്പിച്ചില്ല. 2009ല്‍ 13 പേര്‍ക്ക് ടെറ്റനസ് വന്ന് മൂന്നു കുഞ്ഞുങ്ങളാണ് മലപ്പുറത്ത് മരിച്ചത്.
2000 മുതല്‍ 2009 വരെ സംസ്ഥാനത്ത് 1937 പേര്‍ക്ക് വില്ലന്‍ചുമ ബാധിച്ചു. ഇതില്‍ 50 ശതമാനത്തിലേറെയാണ് മലപ്പുറത്ത് -996 പേര്‍. മലപ്പുറത്തിന് പുറമെ നൂറിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍നിന്ന് മാത്രം.
കുത്തിവെപ്പിലൂടെ ഇല്ലാതായ സാംക്രമിക രോഗങ്ങള്‍ വലിയ അളവില്‍ തിരിച്ചുവരുന്നതായി നേരത്തേ തന്നെ വ്യക്തമായിരുന്നു. മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പെന്ന ലക്ഷ്യത്തിലേക്ക് ജില്ലയെ എത്തിക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായത്. 2010ല്‍ ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെ 403217 കുട്ടികളുള്ളതില്‍ 8528 പേര്‍ തീരെ കുത്തിവെപ്പെടുക്കാത്തവരും 28377 പേര്‍ ഭാഗികമായി എടുത്തവരുമായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഈ അനുപാതം കുറക്കാനായെങ്കിലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ടെന്നതിനാലാണ് ഡിഫ്തീരിയയും ടെറ്റനസും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
