മറന്നുവെച്ച കാമറയുടെ ഉടമയെ തേടി ഓട്ടോ ഡ്രൈവര്‍മാര്‍
text_fieldsകോഴിക്കോട്: കുട്ടിമമ്മിയുടെ ഓട്ടോയില്‍ വിലകൂടിയ കാമറ യാത്രക്കാരന് മറന്നുവെക്കുന്നത് തിങ്കളാഴ്ച. കാമറയുടെ ഉടമയെ തേടി രണ്ടുദിവസത്തോളം ഓട്ടോ ഡ്രൈവര്‍മാരുടെ ഓട്ടം. അതേസമയം, ഓട്ടോ ഡ്രൈവറെതേടി ഉടമയുടെ പോസ്റ്റര്‍ പ്രചാരണം.
ഒടുവില്‍ വ്യാഴാഴ്ച രാവിലെ ഉടമക്ക് കാമറയും ബാഗും തിരിച്ചേല്പിച്ചതോടെയാണ് 30വര്‍ഷത്തിലധികമായി കോഴിക്കോട്ട് ഓട്ടോയോടിക്കുന്ന എം.പി. കുട്ടിമമ്മിക്ക് സമാധാനമായത്.
വയനാട് കോട്ടത്തറ കരിംകുറ്റി സ്വദേശിയും സൗത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് സര്‍വേയറുമായ കെ.കെ. പ്രമോദിന്‍െറ 35000 രൂപയോളം വിലവരുന്ന ഡി.എസ്.എല്‍.ആര് കാമറയടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചുനല്‍കിയാണ് കുട്ടിമമ്മിയും കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരും മാതൃകയായത്. തിങ്കളാഴ്ച വൈകുന്നേരമാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തില്‍ പങ്കെടുത്തശേഷം പ്രമോദിന്‍െറ പന്തീരാങ്കാവിലുള്ള ഭാര്യവീട്ടിലേക്ക് പോകാനായി പ്രമോദും കുടുംബവും കുട്ടിമമ്മിയുടെ ഓട്ടോയില്‍ കയറുന്നത്.
പന്തീരാങ്കാവിലത്തെിയശേഷം ഓട്ടോയില്‍നിന്ന് കാമറ അടങ്ങിയ ബാഗ് എടുക്കാന്‍ മറന്നുപോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിമമ്മി മറ്റൊരു ഓട്ടം പോകുകയും ചെയ്തു. ഓട്ടം കഴിഞ്ഞ് കണ്ണങ്കരയിലെ വീട്ടിലത്തെിയപ്പോഴാണ് ബാഗ് കുട്ടിമമ്മി ഓട്ടോയില്‍ കാണുന്നത്. ബാഗില്‍ വയനാട്ടിലെ ഫോറസ്റ്റ് ഓഫിസിലെ അഡ്രസും മറ്റുമാണ് ലഭിച്ചത്.
ഉടമ ആരാണെന്ന് വ്യക്തമായതുമില്ല. അപ്പോള്‍ തന്നെ കുട്ടിമമ്മി വിവരം തന്‍െറ ഓട്ടോ സുഹൃത്തുക്കളെയും മറ്റും അറിയിക്കുകയും ഉടമയെതേടാന് തുടങ്ങുകയും ചെയ്തു. അതേസമയം, മറുഭാഗത്ത് കാമറ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് ടൗണ്‍ പൊലീസിലും കണ്ട്രോള് റൂമിലും പന്തീരാങ്കാവ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. കൂടാതെ, നഗരത്തിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരുടെ നിര്‍ദേശപ്രകാരം കാമറ മറന്നുവെച്ച ഓട്ടോ കണ്ടത്തെുന്നതിന് പ്രമോദ് നഗരത്തില്‍ പോസ്റ്റര്‍ പ്രചാരണം തുടങ്ങിയിരുന്നു. റെയില്‍വേ സ്റ്റേഷന്, പുതിയ സ്റ്റാന്‍ഡ് തുടങ്ങി വിവിധയിടങ്ങളില്‍ പ്രമോദിന്‍െറ വിവരങ്ങളടങ്ങിയ പോസ്റ്റര്‍ പതിച്ചു.
ഇതിന്‍െറ കോപ്പിയെടുത്ത് നഗരത്തിലെ വിവിധ സ്റ്റാന്‍ഡുകളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തങ്ങളുടെ ഓട്ടോയിലും പതിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ പതിച്ച പോസ്റ്റര്‍ ശ്രദ്ധയില്‍പെട്ട സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പ്രമോദിന്‍െറ അഡ്രസ് കുട്ടിമമ്മിക്ക് കൈമാറുന്നത്. എന്നാല്‍, ഉടമ വയനാട്ടിലായതിനാല്‍ ബുധനാഴ്ച കാമറ നല്‍കാനായില്ല. വ്യാഴാഴ്ച രാവിലെ കോഴിക്കോടുവെച്ച് പ്രമോദിന് നേരിട്ട് കാമറയും ബാഗും കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
