ഫയര്‍ഫോഴ്സ് എന്‍.ഒ.സി: എന്‍.ബി.സി സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നാഷനല്‍ ബില്‍ഡിങ് കോഡ് (എന്‍.ബി.സി) നിര്‍ബന്ധമാക്കി ഫയര്‍ഫോഴ്സ് മുന്‍മേധാവി ഡോ. ജേക്കബ് തോമസ് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം. നിയുക്ത ഡയറക്ടര്‍ ജനറല്‍ എ.ഡി.ജി.പി അനില്‍കാന്തിനോട് ഉടന്‍ ചുമതലയേല്‍ക്കാനും ആഭ്യന്തരവകുപ്പ് ഉന്നതന് നിര്‍ദേശിച്ചു. ഫ്ളാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ ധിറുതിയിലാക്കിയത്.
കൊച്ചിയിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയുടെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജേക്കബ് തോമസ് തടഞ്ഞുവെച്ചിരിക്കുകയാണ്. നാല് ബഹുനിലമാളുകളും സെവന് സ്റ്റാര്‍ ഹോട്ടലും നിയമക്കുരുക്കിലാണ്. ഇതുസംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കി നല്‍കാനും നിര്‍ദേശമുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയലുകളും നീക്കിത്തുടങ്ങി. ഫയര്‍ഫോഴ്സില്‍ വാഹനങ്ങളും ഏരിയല്‍ ലാഡര്‍ പ്ളാറ്റ്ഫോമുകളും വാങ്ങുന്നതില്‍ വന്‍തിരിമറിയാണ് നടന്നിരുന്നത്. ജേക്കബ് തോമസ് ചുമതലയേറ്റശേഷം ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം കാറ്റില്‍പറത്തിയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
അതേസമയം, ജേക്കബ് തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ച ഫയര്‍ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനെ പ്രമുഖ ഫ്ളാറ്റ് നിര്‍മാതാവ് നേരിട്ടത്തെി അനുമോദിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത ബഹുനില കെട്ടിടങ്ങളില്‍ പലതിനും എന്‍.ഒ.സി തരപ്പെടുത്തി നല്‍കിയത് ഇദ്ദേഹമായിരുന്നു. ഏരിയല്‍ ലാഡര്‍ പ്ളാറ്റ്ഫോം ടെന്‍ഡര്‍ വിദേശകമ്പനിക്ക് നല്കാന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവുനല്കിയതും ഇദ്ദേഹമാണ്. വകുപ്പിനെക്കുറിച്ച് അഴിമതി ആരോപണം ശക്തമായപ്പോള്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
ഇദ്ദേഹവുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച ഫയലുകള്‍ ജേക്കബ് തോമസിന് കൈമാറിയത് നളിനി നെറ്റോയാണ്. ഇതിനെ തുടര്‍ന്നാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സബ്കമ്മിറ്റികള്‍ രൂപവത്കരിച്ചത്. ഇതോടെ അഴിമതി ഏറെക്കുറെ ഇല്ലാതായി വരുകയായിരുന്നു. ജേക്കബ് തോമസ് ഫയര്‍ഫോഴ്സിനു പുറത്തായതോടെ എല്ലാം പഴയപടി ആകുമെന്ന ആശങ്കയിലാണ് ഫയര്മാന്മാര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
