വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ നാല് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസ്. യു.ഡി.എഫ് എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍ (പത്തനംതിട്ട), എ.ടി ജോര്‍ജ് (പാറശാല), എം.എ വാഹിദ് (കഴക്കൂട്ടം), ഡൊമനിക് പ്രസന്േറഷന് (കൊച്ചി) എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
വനിതാ എം.എല്‍.എമാരായ ജമീല പ്രകാശം, കെ.കെ ലതിക എന്നിവരുടെ പരാതിയിലാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എം.എല്‍.എമാര്‍ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന് മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.
നിയമസഭയുടെ നാഥനായ സ്പീക്കറോടും കേരളാ ഗവര്‍ണറോടും സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ എം.എല്‍.എമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വനിതാ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 13നാണ് നിയമസഭയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ശ്രമം നടത്തിയത്. ഇതേതുടര്‍ന്ന് നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ച പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസ് തകര്‍ക്കുകയും കസേര വലിച്ചെറിയുകയും ചെയ്തിരുന്നു. ഈ സമയത്ത് മന്ത്രി മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ നടത്തിയ കൂട്ടപ്പൊരിച്ചിലിനിടെയാണ് വനിതാ എം.എല്‍.എമാര്‍ക്കെതിരെ കൈയേറ്റമുണ്ടായത്.
ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ അഞ്ച് ഇടത് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വി. ശിവന്‍കുട്ടി (നേമം), ഇ.പി ജയരാജന് (മട്ടന്നൂര്‍), കെ. അജിത്ത് (വൈക്കം), കെ. കുഞ്ഞമ്മദ് (പേരാമ്പ്ര), കെ.ടി ജലീല്‍ (തവനൂര്‍) എന്നിവരെയാണ് സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ഡയസിലെ മേശയില്‍ കയറുക, കസേര വലിച്ചെറിയുക, മൈക്ക്, കമ്പ്യൂട്ടര്‍, ഹെഡ് ഫോണ്‍, മറ്റ് സാമഗ്രികള്‍ എന്നിവ തകര്‍ക്കുക എന്നീ കുറ്റങ്ങളിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
