രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ നിന്നാണ് പത്തനാപുരം ആനക്കുഴി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഷീദിനെ പിടികൂടിയത്. തൃശൂര്‍ ഈസ്റ്റ് ഷാഡോ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
റിമാന്‍ഡ് പ്രതി കടന്നുകളഞ്ഞ സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍ ജോസ്, കുഞ്ഞുമോന്‍ എന്നിവരെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. കൂടാതെ സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഉത്തരവിട്ടു. ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് പൊലീസുകാരില്‍ ഒരാള്‍ പ്രതിക്കൊപ്പം ഇല്ലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെ ത്തിയ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
മഞ്ചേരിയില്‍ നിന്ന് 30,000 രൂപയുടെ കള്ളനോട്ടുമായി പിടിയിലായ റഷീദിന് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കടന്നത്. മറ്റൊരു കേസിന്‍െറ ഭാഗമായി കോഴിക്കോട് ജയിലില്‍ നിന്ന് കൊല്ലത്തെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുന്ന വഴിയാണ് സംഭവം. ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിലങ്ങുമായി ഓടിയ പ്രതിക്ക് പിന്നാലെ പൊലീസ് ഓടിയെങ്കിലും ഫലമുണ്ടായില്ല. സമീപ ജില്ലകളിലും തമിഴ്നാട്ടിലും പ്രതി രക്ഷപ്പെട്ട വിവരം അറിയിക്കുകയും റെയില്‍വേ, ടൗണ്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയുമായിരുന്നു. തൃപ്പൂണിത്തുറ, തിരുനെല്‍വേലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കള്ളനോട്ട് കേസുള്ളതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_9.jpg)