തോട്ടം തൊളിലാളി സമരം: സമരം തമിഴ്-മലയാളി വിഘടനവാദമാക്കിമാറ്റാന്‍ തോട്ടമുടമകളുടെ നീക്കം
text_fieldsകൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തെ തമിഴ്^മലയാളി പ്രശ്നമാക്കി മാറ്റാന്‍ ശ്രമം. മൂന്നാറില്‍ നടന്നത് തോട്ടം തൊഴിലാളി സമരമെന്നതിനപ്പുറം ഇടുക്കി ജില്ലയെ തമിഴ്നാടിന്‍െറ പരീക്ഷണശാലയാക്കാനുള്ള വിഘടനവാദത്തിന്‍െറ മുന്നൊരുക്കമാണെന്നാണ് തോട്ടമുടമകള്‍ നടത്തുന്ന പ്രചാരണം. മൂന്നാര്‍ മോഡല്‍ സമരം വിവിധ തേയിലത്തോട്ടങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
സമരത്തിനുപിന്നിലെ ബുദ്ധികേന്ദ്രം തമിഴ് തീവ്രവാദി നേതാവ് അന്‍വര്‍ ബാലശിങ്കമാണെന്ന വാദമുയുര്‍ത്തി, തെളിവായി അദ്ദേഹത്തിന്‍െറ പ്രസംഗത്തിന്‍െറ യൂ ട്യൂബ് ക്ളിപ്പിങ്ങും പുറത്തുവിട്ടിട്ടുണ്ട്. ടാറ്റയുടെയും കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന്‍െറയും പേരുപറയാതെ, അവരുടെ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഏജന്‍സി വഴിയാണ് പുതിയ ആരോപണവും പുറത്തുവിട്ടിരിക്കുന്നത്.
‘മൂന്നാര്‍ സമരത്തിനുപിന്നില്‍ തമിഴ് തീവ്രവാദി സംഘടനയാണെന്ന ആരോപണത്തിന് ബലമേകുന്ന യൂ ട്യൂബ് വീഡിയോ’ എന്ന പേരിലാണ് അന്‍വര്‍ ബാലശിങ്കത്തിന്‍െറ പ്രസംഗത്തിന്‍െറ ശബ്ദ^ദൃശ്യം പ്രചരിക്കുന്നത്. കേരള^തമിഴ് മക്കള്‍കൂട്ടം എന്ന സംഘടനയുടെ പേരില്‍ അതിന്‍െറ നേതാവ് അന്‍വര്‍ ബാലശിങ്കം സെപ്റ്റംബര്‍ ഒന്നിന് ‘ഇഴന്ത നിലം’ എന്ന വീഡിയോ അപ്ലോഡ് ചെയ്്തത്രേ. മൂന്നാറിലെ തമിഴരോടും, പ്രത്യേകിച്ച് തേയിലത്തോട്ടം തൊഴിലാളികളോടും മലയാളികള്‍ നടത്തുന്ന ചൂഷണം ചൂണ്ടിക്കാണിച്ചുള്ള വീഡിയോ പുറത്തിറങ്ങി കൃത്യം ഒരാഴ്ച പിന്നിട്ടപ്പോഴാണ് മൂന്നാറില്‍ സമരം നടന്നതെന്ന് ഗൂഢാലോചനക്ക് തെളിവായി ചൂണ്ടിക്കാണിക്കുന്നു.
കേരള^തമിഴ് മക്കള്‍കൂട്ടം’ എന്ന സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന അന്‍വര്‍ ബാലശിങ്കത്തിന് മൂന്നാറിലെ തമിഴ് തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും ഇതോടൊപ്പമുള്ള കുറിപ്പില്‍ വിശദീകരിക്കുന്നു. തമിഴര്‍ക്കളം നേതാവ് അറിമാവളവന്‍െറ ആമുഖ പ്രഭാഷണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തമിഴരുടെ മണ്ണായ ഇടുക്കി ജില്ലയാകെ മലയാളി കൈയേറി തമിഴരെ അടിമകളാക്കിയെന്നാണ് അറിമാവളവന്‍ വിശദീകരിക്കുന്നതത്രേ. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളെ വിപ്ളവത്തിന് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയെന്നും ക്ളിപ്പിങ്ങിനോടൊപ്പം പുറത്തുവിട്ട കുറിപ്പില്‍ ആരോപിക്കുന്നു.
മൂന്നാറിലെ ലയങ്ങളില്‍ താമസിച്ച് മൂന്നുമാസത്തെ രഹസ്യപ്രവര്‍ത്തനത്തിലൂടെയാണ് അന്‍വര്‍ ബാലശിങ്കവും സംഘവും തൊഴിലാളികളില്‍ സമരവീര്യം കുത്തിവെച്ചതെന്ന് ഏജന്‍സി വഴി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. കണ്ണന്‍ ദേവന്‍ കമ്പനിക്കെതിരെ സമരം ചെയ്യാന്‍ വിമുഖത കാണിച്ച തൊഴിലാളികളെ ശ്രീലങ്കയിലും മുന്‍കാലങ്ങളില്‍ മുംബൈയിലും കര്‍ണാടകയിലും തമിഴര്‍ നേരിട്ട യാതന പറഞ്ഞാണ് സംഘം വശത്താക്കിയതെന്നും ആരോപിക്കുന്നു. ഒരു മതസംഘടനയുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നും ഇവരെ കൂടാതെ രണ്ട് സര്‍ക്കാറിതര സന്നദ്ധ സംഘടനകളും തമിഴ്നാട്ടില്‍നിന്നുള്ള ഒരു എം.പിയും പിന്തുണ നല്‍കിയെന്ന സൂചനയും ഉയര്‍ത്തുന്നുണ്ട്. ഇടുക്കി ജില്ലയിലാകെ വിഘടനവാദത്തിന്‍െറ വിത്തുപാകി ജില്ലയെ തമിഴ്നാടിന്‍െറ ഭാഗമാക്കാന്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയും ലഭിക്കുമെന്ന വാദവും നിരത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
