ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിക പീഡന പരാതി
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. പി.എ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ. സമീഹ കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന നിയമ പ്രകാരം ഹരജി ഫയല്‍ ചെയ്തു. ഹരജി ഫയലില്‍ സ്വീകരിച്ച സി.ജെ.എം എം.എന്‍ സാബു റിയാസിന് നോട്ടീസ് അയച്ചു. ആവശ്യമെങ്കില്‍ സമീഹക്കും മക്കള്‍ക്കും സംരക്ഷണം നല്‍കാന്‍ നടക്കാവ് പൊലീസിനു നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി കൊടിയ മര്‍ദനവും മാനസിക പീഡനവും താന്‍ അനുഭവിക്കുകയാണെന്ന് ഹരജിയില്‍ പറഞ്ഞു. മര്‍ദനമേറ്റ് മൂത്ര തടസ്സം വരെ ഉണ്ടായി. തനിക്ക് തടി കൂടുതലും ഉയരക്കുറവുമാണെന്നു സ്ഥിരമായി ആക്ഷേപിച്ചു. എം.ബി.ബി.എസ് കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യാന്‍ വിട്ടില്ല. വീട്ടില്‍ ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ അനുവദിച്ചില്ല. 50 രൂപ കൊടുത്താല്‍ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞു ആക്ഷേപിച്ചു. പെണ്ണു മതി, പൊന്ന് വേണ്ടാ എന്നാണ് വിവാഹം നടക്കുന്ന സമയത്ത് പറഞ്ഞത്. പിന്നീട് പൊന്നിനും പണത്തിനും വാശി പിടിച്ചു. വീട്ടില്‍ നിന്ന് തന്ന 70 പവന്‍ സ്വര്‍ണം കൈക്കലാക്കി. മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഗുണ്ടകളെ ഉപയോഗിച്ച് മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ അപേക്ഷിച്ചു.
പട്ടാമ്പി കൊപ്പം സ്വദേശിയായ സമീഹ മുന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐയില്‍ വെച്ചാണ് റിയാസിനെ പരിചയപ്പെടുന്നത്. 2002ലായിരുന്നു വിവാഹം.
എം.കെ രാഘവനെതിരെ 2009ല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ആളാണ് റിയാസ്.
കോണ്‍ഗ്രസ് ഐ നേതാവ് അഡ്വ. ടി സിദ്ദീഖിനെതിരെ ഭാര്യ നസീമ നല്‍കിയ ഗാര്‍ഹിക പീഡന പരാതി ഇതേ കോടതി നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ പ്രതിയായ സാഹചര്യത്തില്‍ സിദ്ദീഖിനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
