തദ്ദേശ തെരഞ്ഞെടുപ്പ്: ജനറല്‍ സീറ്റില്‍ വനിതകള്‍ വേണ്ടെന്ന് കെ.പി.സി.സി ഉപസമിതി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകളെ ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളാക്കേണ്ടെന്ന് കെ.പി.സി.സി ഉപസമിതി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാര്‍ഗരേഖ തയാറാക്കാന്‍ വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച അഞ്ചംഗ സമിതിയുടേതാണ് ശിപാര്‍ശ. റിപ്പോര്‍ട്ട് ബുധനാഴ്ച കെ.പി.സി.സി പ്രസിഡന്‍റിന് കൈമാറും.
തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണമുള്ള സാഹചര്യത്തില്‍ ജനറല്‍ സീറ്റുകളില്‍ അവരെ പരിഗണിക്കേണ്ടെന്നാണ് ശിപാര്‍ശ. ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ വാര്‍ഡ് തലത്തില്‍ നിശ്ചയിക്കണം. തര്‍ക്കം ഉണ്ടായാല്‍ പരിഹരിക്കാന്‍ മണ്ഡലം തല സമിതികള്‍ രൂപവത്കരിക്കണം. ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ജില്ലാതല സമിതികള്‍ ഉണ്ടാകണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പ്രത്യേകം കമ്മിറ്റികള്‍ വേണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തല സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം ഉണ്ടായാല്‍ സംസ്ഥാനതല സമിതി തീര്‍പ്പുണ്ടാക്കണം.
പാര്‍ട്ടി ഭാരവാഹിത്തമുള്ളവരെ മത്സരത്തില്‍നിന്ന് വിലക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ ഡി.സി.സി, കെ.പി.സി.സി ഭാരവാഹികള്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ബന്ധപ്പെട്ട കമ്മിറ്റികളെ സമീപിക്കണം. സ്ഥാനാര്‍ഥിത്വം അംഗീകരിച്ചാലേ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. അഴിമതിക്കാര്‍, മദ്യപാനികള്‍, സ്വഭാവ ശുദ്ധിയില്ലാത്തവര്‍, ക്രിമിനല്‍ കേസുകളിലെ പ്രതികള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അച്ചടക്കലംഘനത്തിന് പാര്‍ട്ടി നടപടി നേരിട്ടവര്‍, പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കാന്‍ പാടില്ല. നല്ല പ്രതിച്ഛായയുള്ളവരെയും പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവരെയുമായിരിക്കണം പരിഗണിക്കേണ്ടത്. വനിതകള്‍ ഉള്‍പ്പെടെ പോഷകസംഘടനകളില്‍നിന്ന് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരെ അതത് പോഷകസംഘടനകള്‍ തന്നെ നിര്‍ദേശിക്കണം. ഭാര്യയും ഭര്‍ത്താവും സീറ്റ് മാറിമാറി കൈവശംവെക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.
വി.ഡി. സതീശന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ കണ്‍വീനറും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
