കോളജ് യൂനിയന്‍: കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേട്ടം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് മികച്ചനേട്ടം. കെ.എസ്.യു, എം.എസ്.എഫ് സംഘടനകള്‍ തനിച്ചും സഖ്യമായും മത്സരിച്ചാണ് നേട്ടംകൊയ്തത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എം.എസ്.എഫിനാണ് മേല്‍ക്കൈ. തൃശൂര്‍ ജില്ലയിലാണ് കെ.എസ്.യു സ്ഥാനാര്‍ഥികള്‍ ജയിച്ചത്. സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും എസ്.എഫ്.ഐയെയാണ് തുണച്ചത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് എസ്.എഫ്.ഐയുടെ ജയം. സര്‍വകലാശാലക്ക് കീഴിലെ ഭൂരിപക്ഷംവരുന്ന സ്വാശ്രയ കോളജുകളാണ് എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് ഗുണകരമായത്. കൂടുതല്‍ യു.യു.സിമാരെ വിജയിപ്പിക്കുകവഴി അടുത്ത വര്‍ഷവും കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ഭരണം കെ.എസ്.യു-എം.എസ്.എഫ് സഖ്യം നിലനിര്‍ത്തുമെന്നുറപ്പായി.
പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്‍ററി രീതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷം വരുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രഫഷനല്‍ കോളജുകളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
മികച്ചവിജയമെന്ന് എസ്.ഐ.ഒ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ചവിജയം നേടിയതായി എസ്.ഐ.ഒ. 43 ജനറല്‍ സീറ്റും 28 ഇയര്‍ റെപ്പും നൂറിലധികം ക്ളാസ് പ്രതിനിധികളുമാണ് എസ്.ഐ.ഒക്ക് ലഭിച്ചത്.
മമ്പാട് എം.ഇ.എസ്, അരീക്കോട് സുല്ലമുസ്സലാം, ഐഡിയല്‍ കടകശ്ശേരി, ജെംസ് രാമപുരം, സഫ പുഴക്കാട്ടിരി, പൊന്നാനി എം.ഇ.എസ്, സഹ്യ കോളജ്, നസ്റ തിരൂര്‍ക്കാട്, എം.ഇ.എസ് അസ്മാബി തൃശൂര്‍, ഹിക്കമിയ്യ വണ്ടൂര്‍, എം.ഇ.എസ് വളാഞ്ചേരി, അല്‍ ജാമിഅ പൂപ്പലം, മൗണ്ട് സീന പാലക്കാട്, ഐഡിയല്‍ ചെര്‍പ്പുളശ്ശേരി, അന്‍സാര്‍ പെരുമ്പിലാവ് എന്നീ കോളജുകളിലെ ജനറല്‍ സീറ്റുകളിലും അസോസിയേഷനുകളിലുമാണ് ജയം. എസ്.ഐ.ഒ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് വിജയമെന്ന് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
