സീറ്റ് കച്ചവടം: സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ന്യൂനപക്ഷപദവി റദ്ദാക്കണം -ന്യൂനപക്ഷ കമീഷന്‍
text_fieldsകോഴിക്കോട്: ലക്ഷങ്ങള്‍ തലവരിയും ഫീസും ഈടാക്കി സീറ്റ് കച്ചവടം നടത്തുന്ന സ്വാശ്രയ മെഡിക്കല്‍കോളജുകളുടെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി ആവശ്യപ്പെട്ടു. ഇത്തരം കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം അത്തരം മാനേജ്മെന്‍റുകള്‍ക്കെതിരെ കേസെടുക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. അര്‍ഹരായ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുപോലും പ്രവേശത്തിന് 25 ലക്ഷം രൂപ ബാങ്ക് ഗാരന്‍റിയും ഏഴരലക്ഷം രൂപവെച്ച് നാല് വര്‍ഷത്തേക്ക് ഫീസും വേണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്നതായി കോഴിക്കോട്ട് നടന്ന അദാലത്തില്‍ പരാതി ലഭിച്ചു. മുപ്പതോളം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചതെന്ന് കമീഷന്‍ അറിയിച്ചു. പണം നല്‍കാന്‍ കഴിയാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുകയാണ്. ഈമാസം 30നകം അവര്‍ക്ക് പ്രവേശംനേടാനായില്ളെങ്കില്‍ മെഡിക്കല്‍ പഠനത്തിനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പ്രശ്നത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് ന്യൂനപക്ഷ കമീഷന്‍ ആവശ്യപ്പെട്ടു.
വിഷയം പഠിക്കാന്‍ ന്യൂനപക്ഷക്ഷേമവകുപ്പിന് കമീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഹാജരാക്കാനും കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം മാനേജ്മെന്‍റുകള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ മാത്രമാണ് ഇത്തരം കച്ചവടം. ന്യൂനപക്ഷപദവിയുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയില്ല. ന്യൂനപക്ഷപദവിയുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവേശവിഷയത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ മറവിലാണ് മുസ്ലിം മാനേജ്മെന്‍റ് കരിഞ്ചന്തയില്‍ സീറ്റ് കച്ചവടം നടത്തുന്നത്. പെരിന്തല്‍മണ്ണ എം.ഇ.എസ്, മുക്കം കെ.എം.സി.ടി, കൊല്ലം അസീസിയ, പാലക്കാട് കരുണ, കൊല്ലം ട്രാവന്‍കൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് പരാതി. അര്‍ഹരായ വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തി സമ്പന്നര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുന്നത് ലജ്ജാവഹമാണ്. പല മുസ്ലിം മാനേജ്മെന്‍റുകള്‍ക്കും സമുദായത്തോടല്ല പണത്തോടാണ് താല്‍പര്യമെന്ന് കമീഷന്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരം കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ലഭിക്കുന്നത്. സീറ്റ് വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാവാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇനിമേലില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുത്. ന്യൂനപക്ഷ കമീഷന്‍ അംഗങ്ങളായ കെ.പി. മറിയുമ്മ, വി.വി. ജോഷി മെംബര്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
എം.ഇ.എസ് ആസ്ഥാന ഓഫിസിലേക്ക് മാര്‍ച്ച്
കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ പേരില്‍ നേടിയെടുത്ത മെഡിക്കല്‍ കോളജുകളില്‍ സീറ്റ് കച്ചവടം നടത്തുന്ന സ്വകാര്യ മാനേജ്മെന്‍റ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ഹോള്‍ഡേഴ്സ് ആന്‍ഡ് പാരന്‍റ്സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ എം.ഇ.എസിന്‍െറ കോഴിക്കോട്ടെ ആസ്ഥാന ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു. എം.ഇ.എസ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ അസോസിയേഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം മലപ്പുറം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി.കെ. ഫൈസല്‍, എ. ഫൈസല്‍, റാഹിദഫാത്തിമ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികര്‍ക്ക് അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് മാനേജ്മെന്‍റിന് നിവേദനവും സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
