ടാറ്റാ ടീയിലും ഹാരിസണിലും തൊഴിലാളിസമരം
text_fieldsരാജാക്കാട്/തൊടുപുഴ: മൂന്നാറിലെ തൊഴിലാളി സ്ത്രീകളുടെ സമരവീര്യത്തിനുമുന്നില്‍ മാനേജ്മെന്‍റുകള്‍ മുട്ടുമുടക്കിയതോടെ സൂര്യനെല്ലിയിലും പള്ളിവാസലിലും തൊഴിലാളികള്‍ അവകാശപ്പോരാട്ടത്തിനിറങ്ങി. സൂര്യനെല്ലിയിലും സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.
ഹാരിസണ്‍ മലയാളം പ്ളാന്‍േറഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരരംഗത്ത്. 20 ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി മുമ്പോട്ട് വെക്കുന്നത്.
തിങ്കളാഴ്ച രാവിലെ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം തൊഴിലാളികള്‍ ഫാക്ടറിക്ക് സമീപം മുദ്രാവാക്യം വിളിച്ചശേഷം ജോലിക്കിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ വീണ്ടും സംഘടിച്ചത്തെി എച്ച്.എം.എല്‍ ഓഫിസിന് സമീപം ഗേറ്റിനു മുന്നില്‍ ഉപരോധ സമരം നടത്തി. എച്ച്.എം.എല്‍ കമ്പനിക്ക് ഇവിടെ അഞ്ചു ഡിവിഷനുകളിലായി തൊള്ളായിരത്തോളം തൊഴിലാളികളാണുള്ളത്.
അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ ജീവനക്കാരാണ് സമരം തുടങ്ങിയതെങ്കിലും മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേര്‍ന്നു. അഞ്ഞൂറിലധികം ആളുകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. മാനേജ്മെന്‍റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ നേതാവ് സി.എ. കുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡി. കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ചത്തെി. ബുധനാഴ്ചയും സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
പള്ളിവാസലിലെ ടാറ്റ ടീയുടെ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡിലെ പാക്കിങ് സെന്‍ററിലെ തൊഴിലാളികള്‍ ബോണസും എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കി.
2014^15 വര്‍ഷത്തില്‍ 284 കോടിയാണ് കമ്പനിയുടെ അറ്റാദായം. 20 ശതമാനം ബോണസും 15 ശതമാനം എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിയിലെ 108 സ്ഥിരം തൊഴിലാളികളും അത്രതന്നെ കരാര്‍ തൊഴിലാളികളും ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച രാവിലെ സീനിയര്‍ മാനേജര്‍ ഹാരിസ് റഹ്മാനാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 19 ശതമാനം ബോണസാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയത്. എക്സ്ഗ്രേഷ്യ നല്‍കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
