കസബ പൊലീസിന് എ.ഡി.ജി.പിയുടെ റിവാര്‍ഡ്
text_fieldsകോഴിക്കോട്: രണ്ടാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലൂടെ വന്‍ കള്ളനോട്ടടി സംഘത്തിന്‍െറ അടിവേരറുത്ത കോഴിക്കോട് കസബ പൊലീസ് സംഘത്തിന് ഉത്തരമേഖല എ.ഡി.ജി.പിയുടെ സ്പെഷല്‍ റിവാര്‍ഡ്. പെറ്റികേസില്‍ ഒതുങ്ങുമായിരുന്ന സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തി കള്ളനോട്ടടി സംഘത്തലവന്‍ ഈരാറ്റുപേട്ടയിലെ ഗോള്‍ഡ് ജോസഫിനെയടക്കം സാഹസികമായി അറസ്റ്റ്ചെയ്തതിന് കസബ പ്രിന്‍സിപ്പല്‍ എസ്.ഐ എസ്. സജീവ്, അഡീഷനല്‍ എസ്.ഐമാരായ പി.എം. വിമോദ്, ഡി. പ്രസാദ്, പൊലീസുകാരായ മഹേഷ് ബാബു, അരവിന്ദന്‍, അനില്‍കുമാര്‍, മനോജന്‍, മുരളി എന്നിവര്‍ക്കാണ് റിവാര്‍ഡ്. സിറ്റി പൊലീസ് കമീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ റിവാര്‍ഡ് കൈമാറുമെന്ന് എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി അറിയിച്ചു.
കടകളിലോ ബാങ്കുകളിലോ കള്ളനോട്ട് കൈമാറുന്നതിനിടെ പിടിയിലാവുന്നവരെ നിരപരാധികളെന്നു കണ്ട് വിട്ടയക്കുകയാണ് പതിവ്. എന്നാല്‍, ഈ കേസില്‍ ആദ്യം പിടിയിലായ കോഴിക്കോട് തലയാട് സ്വദേശി ചെറിയമണിച്ചേരില്‍ ബിജുവിനെ വിശദമായി ചോദ്യം ചെയ്ത് ഓരോ കണ്ണികളെയും കണ്ടത്തെി ഒടുവില്‍ സംഘത്തലവന്‍ ഗോള്‍ഡ് ജോസഫിനെ പിടികൂടിയതാണ് കസബ സംഘത്തെ റിവാര്‍ഡിന് അര്‍ഹമാക്കിയത്. എ.ടി.എമ്മില്‍നിന്ന് ലഭിച്ച പണമാണെന്നു പറഞ്ഞ് ബിജു തന്ത്രത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ വിശദമായ ദേഹപരിശോധന നടത്തുകയായിരുന്നു. പഴ്സില്‍ മടക്കി സൂക്ഷിച്ചിരുന്ന ആയിരത്തിന്‍െറ ഒമ്പത് കള്ളനോട്ടുകള്‍കൂടി കണ്ടെടുത്തതോടെ പൊലീസ്, ഇയാള്‍ ജോലിചെയ്യുന്ന മെട്രോ ടവര്‍ ഹോട്ടലിലേക്ക് കുതിച്ചു. ഇതേ ഹോട്ടലിലെ റൂം ബോയി ഷിഹാബിനെ പിടികൂടിയ പൊലീസ് ഒരു വിവരവും പുറത്തുവിട്ടില്ല. തുടര്‍ന്ന്, ബിജുവിനും ഷിഹാബിനും നോട്ടുകള്‍ നല്‍കിയ എരുമേലി അനൂപിനേയും ഈരാറ്റുപേട്ട സജിയേയും തന്ത്രപൂര്‍വം വലയിലാക്കി. ഇവരില്‍നിന്നാണ് സംഘത്തലവന്‍ ഗോള്‍ഡ് ജോസഫിനെക്കുറിച്ച് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
