ഐ.എസ് ഭീകരതക്കെതിരെ ജനകീയസംഗമം സംഘടിപ്പിക്കും -ജമാഅത്തെ ഇസ്ലാമി
text_fields
കോഴിക്കോട്: ഇസ്ലാമികവിരുദ്ധമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന ഐ.എസ് ഭീകരതക്കെതിരെ കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകളെ പങ്കെടുപ്പിച്ച് ജനകീയസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 19ന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളിലും 28ന് തിരുവനന്തപുരം വി.ജെ.ടി ഹാളിലുമാണ് ജനകീയസംഗമം സംഘടിപ്പിക്കുക. ‘ഐ.എസ് ഇസ്ലാമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി അറഫാദിനമായ സെപ്റ്റംബര്‍ 23ന് ഭീകരതക്കും സാമ്രാജ്യത്വത്തിനുമെതിരെ സംസ്ഥാന വ്യാപകമായി അഭയാര്‍ഥി ഐക്യദാര്‍ഢ്യദിനമായും ആചരിക്കും.
അറബ് മേഖലയില്‍ ആയിരങ്ങളെ അറുകൊലചെയ്ത് ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ഐ.എസ് ഭീകരവാഴ്ച ഇസ്ലാം വിരുദ്ധവും മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് അബ്ദുല്‍ അസീസ് വ്യക്തമാക്കി. നീതി, സഹവര്‍ത്തിത്വം തുടങ്ങിയ ഇസ്ലാമിക രാഷ്ട്രീയ സംവിധാനത്തിന്‍െറ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഐ.എസ് ആക്രമണങ്ങള്‍. ഇസ്ലാമിന്‍െറ മധ്യമവും സന്തുലിതവുമായ നിലപാടുകളോടാണ് അവര്‍ യുദ്ധംചെയ്യുന്നത്. നിരപരാധികളുടെ രക്തം ചിന്തുന്നു, എതിര്‍ചേരിയിലുള്ള മതവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. പ്രവാചകനുമുമ്പുള്ള പൗരാണിക അറബ് ഗോത്ര, വംശീയ സംസ്കാരത്തിലേക്ക് അറബ് മേഖലയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്.
അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സന്നദ്ധത പ്രശംസനീയമാണ്. എന്നാല്‍, അഭയാര്‍ഥികളെ സൃഷ്ടിക്കുന്നതിലും ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ യൂറോപ്യന്‍, അമേരിക്കന്‍ വിദേശനയങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാകില്ല. പശ്ചിമേഷ്യന്‍ മേഖല എന്നും ലോകരാഷ്ട്രങ്ങളുടെ ആയുധവിപണിയാണ്. അറബ് ലോകം അസ്ഥിരമായിരിക്കണമെന്ന പാശ്ചാത്യശക്തികളുടെ ആഗ്രഹമാണ് പശ്ചിമേഷ്യയെ ഇത്രമാത്രം നരകതുല്യമാക്കിയത്. അഭയാര്‍ഥിപ്രശ്നത്തോടുള്ള അറബ്രാജ്യങ്ങളുടെ നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയാറാകണമെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്‍റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ്റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറി ഖാലിദ് മൂസ നദ്വി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
