അമിത മരുന്നുപയോഗം രോഗങ്ങളുണ്ടാക്കും –ഡോ. ബി.എം. ഹെഗ്ഡെ
text_fieldsകോഴിക്കോട്: അമിത മരുന്നുപയോഗമാണ് രോഗങ്ങള്‍ക്കിടയാക്കുന്നതെന്ന് കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ബി.എം. ഹെഗ്ഡെ. ആയുഷ് വകുപ്പിന്‍െറ സഹകരണത്തോടെ ഗ്ളോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയ ഹോമിയോപ്പതി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളല്ല, മരുന്നുകളുടെ പാര്‍ശ്വഫലമാണ് മരണത്തിന് പ്രധാനകാരണം. ഡോക്ടര്‍മാര്‍ സമരംചെയ്താല്‍ രോഗങ്ങളും മരണനിരക്കും കുറയും. ചികിത്സയില്‍ മരുന്നിനേക്കാള്‍ ഡോക്ടര്‍മാരുടെ സമീപനമാണ് പ്രധാനം. രോഗങ്ങള്‍ ഭേദമാക്കാന്‍ ശരീരത്തിന് സ്വാഭാവികസിദ്ധിയുണ്ട്. ഡോക്ടര്‍മാര്‍ അതിനുള്ള സഹായി മാത്രമാണ്. ഹോമിയോപ്പതിക്ക് പാര്‍ശ്വഫലങ്ങളില്ളെന്നതാണ് അതിനുലഭിക്കുന്ന സ്വീകാര്യതക്ക് കാരണം. ഡോക്ടര്‍മാര്‍ പുസ്തകങ്ങള്‍ക്കപ്പുറം പ്രകൃതിയെ പഠിക്കണം. പണം ഉണ്ടാക്കാനുള്ള ബിസിനസ് ആയി ഈ പ്രഫഷനെ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി മഞ്ഞളാംകുഴി അലി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതിയുടെ നാടാണ് കേരളം. ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിത്സാരീതികളുടെ വികസനത്തിനായി രൂപവത്കരിച്ച ആയുഷിന്‍െറ ഉദ്ഘാടനം ഒരാഴ്ചക്കകം നടക്കും. ആയുഷിനായി 21 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരുവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ മരുന്നുകളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. അതില്‍ 42000 കോടി രൂപയുടെ മരുന്നുകള്‍ കയറ്റി അയക്കുകയും 58000 കോടിയുടെ മരുന്നുകള്‍ ഇവിടെ തന്നെ ചെലവഴിക്കുകയും ചെയ്യുന്നു. 2.77 കോടി ജനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒരുവര്‍ഷം 7000 കോടിയുടെ മരുന്നുകള്‍ ചെലവാകുന്നെന്ന് മന്ത്രി പറഞ്ഞു. എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.സി.ഡി.സി ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍, മലേഷ്യന്‍ സെനറ്റര്‍ ദാത്തുക് സുബ്രഹ്മണ്യം, ഗ്ളോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഈശ്വരദാസ്, വി. സുരേശന്‍, അഡ്വ. പി.എം. സൂര്യനാരായണന്‍, ഡോ. എസ്.ജി. ബിജു എന്നിവര്‍ പങ്കെടുത്തു.
മോളിക്യൂലാര്‍ ബയോളജിസ്റ്റ് ഡോ. എ.ആര്‍. ഖുദാ ബുക്ഷ്, സെന്‍റര്‍ ഫോര്‍ കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. രമേശ് ഉണ്ണി, ജെ.എസ്.പി.എസ്. ഗവ. ഹോമിയോ കോളജിലെ ഡോ. പ്രവീണ്‍ കുമാര്‍, സേലം വിനായക മിഷന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ഇ.എസ്. രാജേന്ദ്രന്‍, ഗവേഷകനായ ഡോ. രാജേഷ് ഷാ, ഇമ്യൂണോളജിസ്റ്റ് ഡോ. ഉപമാ ബഗായ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
