ലോട്ടറി കേസ്: ഭൂട്ടാന്‍െറ നടപടിയില്‍ സി.ബി.ഐക്ക് അതൃപ്തി
text_fieldsകൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ അയല്‍ രാജ്യമായ ഭൂട്ടാനില്‍ അന്വേഷണം നടത്താനുള്ള സി.ബി.ഐ ശ്രമം പരാജയപ്പെടുന്നു. ഒരിക്കല്‍ കൂടി കോടതി വഴി ശ്രമം നടത്തിയശേഷവും മറുപടിയില്ളെങ്കില്‍ തല്‍ക്കാലത്തേക്ക് അന്വേഷണം നിര്‍ത്താനാണ് സി.ബി.ഐ ഉദ്ദേശ്യം.
മൂന്നുവര്‍ഷം മുമ്പ് കേസുമായി ബന്ധപ്പെട്ട വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഭൂട്ടാന്‍ സര്‍ക്കാറിന് കോടതി വഴി കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ യാഷ്ലി ലോഡെന്‍റും തമ്മിലുണ്ടാക്കിയ കരാറിന്‍െറ വിശദാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ കത്ത് നല്‍കിയത്. ലെറ്റര്‍ റോഗേറ്ററി (ലെറ്റര്‍ ഓഫ് റിക്വസ്റ്റ്) എന്ന രീതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നവംബറിലാണ് സി.ബി.ഐ കത്തയച്ചത്. സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ ഭൂട്ടാനുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചശേഷവും സാന്‍റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ ലോട്ടറി വില്‍പന നടത്തിയെന്ന് കണ്ടത്തെിയതോടെയാണ് വിവരങ്ങള്‍ തേടിയത്.
2007 നവംബര്‍ 28ന് സാന്‍റിയാഗോ മാര്‍ട്ടിനും ഭൂട്ടാന്‍ സര്‍ക്കാറും തമ്മിലുണ്ടാക്കിയ ആദ്യ വില്‍പന കരാര്‍, 2008 ജനുവരി ഒന്നുമുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയിലും ഭൂട്ടാനിലും ലോട്ടറി വില്‍പന നടത്താനുള്ള അനുമതിപത്രം, 2010 മാര്‍ച്ച് 17ന് ഭൂട്ടാന്‍ സര്‍ക്കാറും മാര്‍ട്ടിനുമായുണ്ടാക്കിയ കരാര്‍, ലോട്ടറി വില്‍പനക്ക് മാര്‍ട്ടിനെ തെരഞ്ഞെടുത്തതിന്‍െറ കാരണം, ഇതിന് പുറപ്പെടുവിച്ച ടെന്‍ഡര്‍, വിവിധ വര്‍ഷങ്ങളില്‍ മാര്‍ട്ടിന്‍ അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിന്‍െറ വിശദാംശം തുടങ്ങിയവയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. കര്‍ശന സുരക്ഷ ക്രമീകരണങ്ങളുള്ള പ്രസില്‍ അച്ചടിക്കേണ്ട ടിക്കറ്റുകള്‍ 2010 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ശിവകാശിയിലെ മഹാലക്ഷ്മി പ്രസില്‍ അച്ചടിച്ചത് എന്തുകൊണ്ടാണെന്നും ഇതിന് ഭൂട്ടാന്‍ സര്‍ക്കാറിന്‍െറ അനുമതി ഉണ്ടായിരുന്നോ എന്നും ചോദിച്ചിരുന്നു. മാര്‍ട്ടിന്‍െറ ഇടപാടുകളുടെ പ്രധാനിയായ ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ യാഷ്ലിയെ ചോദ്യം ചെയ്യാനാകാത്തതാണ് അന്വേഷണത്തിലെ വലിയ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
