Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാറില്‍ ഏര്‍പ്പെടാത്ത...

കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡി. കോളജുകളുടെ അംഗീകാരം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

text_fields
bookmark_border

കൊച്ചി: സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡി. കോളജുകളുടെ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍.
ഇത്തരം കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് നിര്‍ദേശിക്കുമെന്നും ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറി എന്‍.ബി. ബാലകൃഷ്ണന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാറുമായി കരാറിലേര്‍പ്പെടാത്തതുമൂലം എം.ബി.ബി.എസ് മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശം മുടങ്ങിയെന്നാരോപിച്ച് പ്രവേശപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശിനി അഞ്ജു എം. വര്‍ഗീസ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
അര്‍ഹരായവര്‍ക്ക് പഠനത്തിന് സൗകര്യം ലഭിക്കുന്ന തരത്തില്‍ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രവേശവുമായി ബന്ധപ്പെട്ട് കോളജുകളുമായി ചര്‍ച്ച നടത്തിവരുകയാണ്. കരാറില്‍ ഏര്‍പ്പെടാത്ത കോളജുകള്‍ക്ക്  സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കും. കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍, ജയിംസ് കമ്മിറ്റി എന്നിവക്ക് നിര്‍ദേശം നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേരള പ്രഫഷനല്‍ കോളജ് ആക്ട് 2006 അനുസരിച്ച് സ്വാശ്രയ കോളജുകള്‍ സര്‍ക്കാറുമായി കരാറിലേര്‍പ്പെടണമെങ്കിലും ഈ വര്‍ഷം ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ളെന്നായിരുന്നു ഹരജിയിലെ ആരോപണം.  
2015 സെപ്റ്റംബറില്‍ ഫസ്റ്റ് സെമസ്റ്റര്‍ ക്ളാസ് ആരംഭിക്കേണ്ടതാണെന്നും അതിനാല്‍ എത്രയും വേഗം പ്രവേശനടപടി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.  സര്‍ക്കാറുമായി സഹകരിക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കേസ് പരിഗണിച്ച ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കോഴിക്കോട് മുക്കം കെ.എം.സി.ടി, പാലക്കാട് കരുണ, കണ്ണൂര്‍-പെരിന്തല്‍മണ്ണ എം.ഇ.എസ്, കൊല്ലം ട്രാവന്‍കൂര്‍, കൊല്ലം അസീസിയ എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനാണ് ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story