ഗുരുപ്രതിമ തകര്‍ക്കല്‍ അറസ്റ്റിലായ ആര്.എസ്.എസുകാര്‍ക്ക് ഉടന്‍ ജാമ്യം
text_fieldsതലശ്ശേരി: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീമുദ്ര സാംസ്കാരിക വേദിയിലെ ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായി. പത്തോളം പേര്‍ക്കെതിരെ ന്യൂമാഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കാര്യവാഹക് കൊമ്മല്‍ വയല്‍ മയിലാട്ടുകുനിയില് വൈശാഖ് (20), ശാഖാ ശിക്ഷക് പ്രമുഖ് മാടപ്പീടിക പാര്‍സിക്കുന്ന് സൗപര്‍ണികയില്‍ റിഗില്‍ (25), പ്രവര്ത്തകന് ടെമ്പിള്‍ഗേറ്റ് മൈലാട്ട് എന്‍. പ്രശോഭ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്ത ഉടന്‍ ജാമ്യത്തില്‍ വിട്ടത്.
ശ്രീനാരായണ ഗുരുവിന്‍െറ പ്രതിമ തകര്‍ത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ ആര്.എസ്.എസുകാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ആര്.എസ്.എസ്-പൊലീസ് ബന്ധത്തിന് തെളിവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്.എസ്.എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്തത് അടക്കമുള്ള സംഭവങ്ങള്‍. അക്രമികളെ പിടികൂടി ജയിലിലടക്കുന്നതിന് പകരം, ആര്.എസ്.എസും പൊലീസും ഒത്തുകളിക്കുകയാണുണ്ടായത്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ട് കലിതുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകര്‍ത്ത് ആര്.എസ്.എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ച് മിണ്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് പിണറായി ഫേസ്ബുക്കില്‍ പറയുന്നു. പൊലീസ് നടപടി അത്യന്തം പ്രതിഷേധാത്മകമാണെന്ന് സി. .പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് അഞ്ചിന് തലശ്ശേരി സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജനകീയ പ്രതികരണ വേദി അറിയിച്ചു. സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെയാണ് നങ്ങാറത്ത് പീടികയിലെ ശ്രീമുദ്ര കലാസാംസ്കാരിക വേദിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ശ്രീനാരായണ ഗുരുവിന്‍െറ പ്രതിമ പുറത്തേക്കെറിഞ്ഞുടച്ചത്. ഇതോടനുബന്ധിച്ചുള്ള വായനശാലയിലെ കസേരകളും നശിപ്പിച്ചിരുന്നു. നങ്ങാറത്ത് പീടിക ബസ് സ്റ്റോപ്പിനു സമീപത്തെ സി.പി.എം സ്തൂപവും കൊടിമരവും പൂര്‍ണമായി നശിപ്പിക്കുകയുമുണ്ടായി. ശ്രീകൃഷ്ണ ജയന്തിക്കായി ഒരുക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് ബി.ജെ.പി മാടപ്പീടിക ബൂത്ത് കമ്മിറ്റി അന്നുതന്നെ മാടപ്പീടികയിലും പരിസരങ്ങളിലും ഹര്‍ത്താലും ആചരിച്ചു. ജഗന്നാഥ ക്ഷേത്രത്തിന്‍െറ സമീപപ്രദേശമായ നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്ത സംഭവത്തില്‍ ക്ഷേത്ര ഭരണസമിതി ജ്ഞാനോദയ യോഗം പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
