ആവശ്യക്കാരില്ലാതെ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് പഠന മേഖല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് പഠന മേഖലയില്‍ ഇലക്ട്രോണിക്സ് ബ്രാഞ്ചിന് ഡിമാന്‍ഡ് ഇടിയുന്നു. മൂന്നുവര്‍ഷം മുമ്പുവരെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തിരുന്ന ഇലക്ട്രോണിക്സിലാണ് ഇത്തവണ കൂടുതല്‍ സീറ്റ് ഒഴിവുള്ളത്. സാങ്കേതിക സര്‍വകലാശാലക്ക് കീഴില്‍ വരുന്ന 152 കോളജുകളിലായി 12009 സീറ്റാണുള്ളത്. ഇതില്‍ 5903 സീറ്റ് മാത്രമാണ് നികത്തിയത്. പകുതിയിലധികവും ഒഴിഞ്ഞു കിടക്കുന്നു.
മുമ്പുണ്ടായിരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് കോളജ് മാനേജ്മെന്റുകളില്‍ ഭൂരിഭാഗവും രണ്ട് ഇലക്ട്രോണിക്സ് ബാച്ചുകള്‍ വരെ ആരംഭിച്ചിരുന്നു. ഇതുവഴി ഏറ്റവും കൂടുതല്‍ സീറ്റുള്ള ബ്രാഞ്ചായും ഇലക്ട്രോണിക്സ് മാറി. എന്നാല്‍, ഇലക്ട്രോണിക്സില് 2658 മെറിറ്റ് സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കുട്ടികളത്തെിയത്. സീറ്റ് ഒഴിവിന്‍െറ കാര്യത്തില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചാണ് രണ്ടാം സ്ഥാനത്ത്. ആകെയുള്ള 8659 സീറ്റില്‍ 4822 സീറ്റിലേക്ക് മാത്രമാണ് പഠിതാക്കളത്തെിയത്. 2001 സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ മാത്രമായിരുന്നു പ്രവേശം. നേരത്തേ ഡിമാന്‍ഡില്‍ ഇലക്ട്രോണിക്സിന് പിന്നിലായുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സയന്‍സിലും ഇത്തവണ സീറ്റ് ഒഴിവ് കൂടുതലാണ്. ആകെയുള്ള 10053 സീറ്റില്‍ 2883 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. മെറിറ്റില്‍ പ്രവേശം നേടിയത് 2711 പേര് മാത്രം.
ഇക്കൊല്ലം കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത് മെക്കാനിക്കല്‍ ബ്രാഞ്ചിലാണ്. 11355 സീറ്റില്‍ 10256 എണ്ണത്തിലും വിദ്യാര്‍ഥികളത്തെി. ഒഴിവുള്ളത് 1099 സീറ്റ്. മെറിറ്റില്‍ 4383 പേര് പ്രവേശം നേടി. കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടിയതില്‍ രണ്ടാം സ്ഥാനത്ത് സിവില്‍ എന്‍ജിനീയറിങ് ആണ്. 10362 സീറ്റില്‍ 8659 എണ്ണവും നികത്തപ്പെട്ടു. 3566 പേര് മെറിറ്റില്‍ പ്രവേശം നേടി.
ഐ.ടി ബ്രാഞ്ചില്‍ 1629 സീറ്റില്‍ 680 എണ്ണം നികത്തി. അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്സ്ട്രുമെന്േറഷനില് 1446ല്‍ 463 സീറ്റാണ് നികത്തപ്പെട്ടത്. മറ്റ് ബ്രാഞ്ചുകളില്‍ ആകെയുള്ള സീറ്റും പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ എണ്ണവും ക്രമത്തില്‍: കെമിക്കല്‍ -360 (339), ഓട്ടോമൊബൈല്‍- 660 (336), ബയോമെഡിക്കല്‍ -240 (174), പ്രൊഡക്ഷന്‍ -150 (130), മെക്കാട്രോണിക്സ്- 180 (101), ബയോടെക്നോളജി- 300 (97), ഫുഡ്- 60 (63) ഇന്‍ഡസ്ട്രിയല്‍ -60 (62), സേഫ് ആന്‍ഡ് ഫയര്‍- 60 (59), നേവല്‍- 60 (59), എയ്റോനോട്ടിക്കല്‍- 420 (228).
എന്നാല്‍, എന്‍ജിനീയറിങ് മേഖലയിലെ തൊഴിലവസരം വിലയിരുത്തിയല്ല വിദ്യാര്‍ഥികള്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നാലുവര്‍ഷം കഴിഞ്ഞുള്ള തൊഴില്‍ വിപണി ലക്ഷ്യംവെച്ചല്ല ബി.ടെക്കിന് ചേരുമ്പോള്‍ ഓപ്ഷന് നല്‍കുന്നത്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളില്‍ കുട്ടികള്‍ പഠിക്കാനില്ലാത്ത ഇപ്പോഴുള്ള അവസ്ഥ ഭാവിയില്‍ കാത്തിരിക്കുന്നത് മെക്കാനിക്കല്‍, സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളെയായിരിക്കുമെന്ന് സാങ്കേതിക സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു.
20 മുതല്‍ 30 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിച്ച ബ്രാഞ്ചുമായി ബന്ധപ്പെട്ട ജോലിയില്‍ എത്തുന്നത്. ഭൂരിഭാഗവും സോഫ്റ്റ് വെയര്‍ മേഖലയിലേക്ക് തിരിയുന്നു. ബി.ടെക്കിന് ചേരുമ്പോള്‍ നിലവിലെ ട്രെന്‍ഡിനനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിന് പകരം ഭാവിയിലെ തൊഴില്‍ വിപണി കൂടി പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്നും ഡോ. അബ്ദുറഹ്മാന് ചൂണ്ടിക്കാട്ടി.
വനിതാ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശം കുറവ്
തിരുവനന്തപുരം: വനിതാ എന്‍ജിനീയറിങ് കോളജുകളെ കൈയൊഴിഞ്ഞ് പെണ്‍കുട്ടികള്‍. സംസ്ഥാനത്തെ ഏഴ് വനിതാ എന്‍ജിനീയറിങ് കോളജുകളില്‍ ആറിലും 41 ശതമാനത്തിന് താഴെയാണ് പ്രവേശം.
സര്‍ക്കാര്‍ നിയന്ത്രിത വനിതാ കോളജായ പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മാത്രമാണ് ഇത്തവണ പെണ്‍കുട്ടികള്‍ കാര്യമായി എത്തിയത്. ഇവിടെ ആകെയുള്ള 360 സീറ്റില്‍ 335ലേക്കും (92.5ശതമാനം)വിദ്യാര്ഥിനികളത്തെി. സര്‍ക്കാര്‍ നിയന്ത്രിത കോളജ് എന്നതും നഗരത്തില്‍ സ്ഥിതി ചെയ്യുന്നതെന്നതും എല്‍.ബി.എസ് കോളജിന് തുണയായി. മറ്റ് വനിതാ കോളജുകളിലെ സീറ്റ്, പ്രവേശം നേടിയവര്‍, ശതമാനം എന്നീ ക്രമത്തില്‍: ചെങ്ങന്നൂര്‍ മൗണ്ട് സിയോണ്‍ കോളജ് ഓഫ് എന്‍ജിനീയറിങ് -240, 49, 20.4; തുറവൂര്‍ കെ.ആര്. ഗൗരിയമ്മ എന്‍ജിനീയറിങ് കോളജ് -300, 66, 22; കോതമംഗലം ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് -360, 96, 26.7; പത്തനംതിട്ട തുമ്പമണ്‍ ശ്രീബുദ്ധ കോളജ് -300, 89, 29.7; മൂവാറ്റുപുഴ ക്രൈസ്റ്റ് നോളജ് സിറ്റി - 480, 157, 32.7; കോഴിക്കോട് കെ.എം.സി.ടി വനിതാ എന്‍ജിനീയറിങ് കോളജ്- 300, 121, 40.3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
