വനം കൈയേറ്റം: ഹൈകോടതിവിധി പട്ടയവിതരണത്തെ ബാധിച്ചേക്കും
text_fieldsകോട്ടയം: സംസ്ഥാനത്തെ വനം കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവ് പട്ടയവിതരണത്തെ ബാധിച്ചേക്കും. വനഭൂമി പതിച്ചുനല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇപ്പോള്‍ വിനയായത്. ആനത്താര, ആദിവാസി സെറ്റില്‍മെന്‍റുകള്‍, ജലപദ്ധതികളുടെ വൃഷ്ടിപ്രദേശം, സംരക്ഷിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പട്ടയം നല്‍കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്.
മാത്രമല്ല, പതിച്ചുകൊടുക്കുന്ന വനഭൂമിയുടെ ഇരട്ടി സ്ഥലത്ത് മരംവെച്ചുപിടിപ്പിക്കണമെന്നും മറ്റെവിടെയെങ്കിലും സ്ഥലമുള്ളവരെ പരിഗണിക്കരുതെന്നുമൊക്കെ നിബന്ധനകളുണ്ട്. എന്നാല്‍, വ്യാപകമായി പട്ടയം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ നിബന്ധനകളൊന്നും പാലിച്ചിട്ടില്ല. മരംവെച്ചുപിടിപ്പിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തുകയോ ഭൂമി കണ്ടത്തെുകയോ ചെയ്തിട്ടില്ല. ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന ഇടുക്കി ചന്ദ്രമണ്ഡലത്തില്‍വരെ സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്.
1977 ജനുവരി ഒന്നിനുമുമ്പ് ഭൂമി കൈവശംവെച്ചിരിക്കുന്നവരെ കണ്ടത്തൊന്‍ വനംവകുപ്പും റവന്യൂ വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് വനമായി രേഖപ്പെടുത്തിയതൊക്കെ എല്ലാക്കാലത്തും വനമായിത്തന്നെ നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വനം എന്ന വാക്കിന്‍െറ നിര്‍വചനത്തില്‍പെടുന്ന എല്ലാ പ്രദേശങ്ങളും വനമായി കണക്കാക്കി സംരക്ഷിക്കണമെന്നാണ് നിയമം. ഈ പ്രദേശം ആരുടെ നിയന്ത്രണത്തിലാണെന്നതോ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതോ പ്രശ്നമല്ല. അതിനാല്‍ മര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ നല്‍കുന്ന പട്ടയങ്ങള്‍ നിലനില്‍ക്കില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പ്രദേശം വനമാണെന്ന് എപ്പോഴെങ്കിലും സര്‍ക്കാര്‍ രേഖയില്‍ വന്നിട്ടുണ്ടെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ടയിടമായി മാറുമെന്ന് ചുരുക്കം. നിയമം പാലിക്കാതെ വനഭൂമിയില്‍ നടത്തുന്ന പട്ടയവിതരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
സംസ്ഥാനത്ത് വനംവകുപ്പ് ജണ്ടകെട്ടി തിരിച്ചിട്ടുള്ള സ്ഥലങ്ങള്‍ക്ക് പുറമെ മരം നട്ട് പരിപാലിച്ചുവരുന്ന സ്ഥലങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നേരത്തേ തന്നെ വാദം ഉയര്‍ന്നിരുന്നു. 2012 മേയ് ഒമ്പതിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന യോഗത്തില്‍ അന്നത്തെ വനംമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ജണ്ടകള്‍ക്ക് പുറത്തുള്ള ചോലവനങ്ങളും വന്‍മരങ്ങളും കണ്ടത്തെി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയും അന്ന് ചര്‍ച്ചാവിഷയമായി.
ജണ്ടകള്‍ക്ക് അകത്തുള്ള മുഴുവന്‍ ഭൂമിയും വനഭൂമിയായി പരിഗണിക്കാനും അതിന് പുറത്തുള്ള ഭൂമിയില്‍ വനംവകുപ്പ് അവകാശം ഉന്നയിച്ചാല്‍ സംയുക്ത പരിശോധന നടത്തി നിലപാടെടുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതി ലോല പ്രദേശം എന്ന് കണ്ടത്തെിയ ഭൂമി കൈവശം വെച്ചയാളുകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വനംവകുപ്പ് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2012ല്‍ ഇടുക്കി ജില്ലയിലടക്കം ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 2003ലെ വനനിയമത്തില്‍നിന്ന് കൃഷിഭൂമി ഒഴിവാക്കിയശേഷമുള്ള സ്ഥലങ്ങളാണ് പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച നിയമത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് നിയമ വകുപ്പ് വിശദീകരിച്ചിരുന്നു. സര്‍ക്കാര്‍ പട്ടയം കിട്ടിയാലും ആ ഭൂമി കൈയില്‍ കിട്ടണമെങ്കില്‍ ഏറെ നിയമയുദ്ധങ്ങള്‍ നടത്തേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
7289 ഹെക്ടര്‍ വനഭൂമി കൈയേറ്റക്കാരുടെ കൈവശമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അനധികൃതമായി വനഭൂമി കൈവശം വെച്ചുവരുന്നത് സംബന്ധിച്ച് 413 കേസുകള്‍ മാത്രമാണ് നിലവിലുള്ളത്. തിരുവനന്തപുരം ഏഴ്, കൊല്ലം ഏഴ്, പത്തനംതിട്ട മൂന്ന്, എറണാകുളം 11, തൃശൂര്‍ 12, ഇടുക്കി 53, പാലക്കാട് 11, വയനാട് 161, മലപ്പുറം 27, കോഴിക്കോട് മൂന്ന്, കണ്ണൂര്‍ ഒന്ന്, കാസര്‍കോട് 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഒട്ടാകെ വനം സംബന്ധമായ 10,106 കേസുകളാണ് നിലവിലുള്ളത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 192 ഇടത്ത് മാത്രമാണ് വനംകൈയേറ്റം ഒഴിപ്പിച്ചത്. തിരുവനന്തപുരം രണ്ട്, കൊല്ലം ആറ്, കോട്ടയം നാല്, എറണാകുളം ഒന്ന്, തൃശൂര്‍ 48, ഇടുക്കി 46, പാലക്കാട് 17, മലപ്പുറം എട്ട്, വയനാട് 58, കണ്ണൂര്‍ രണ്ട് എന്നിങ്ങനെയാണ് ഒഴിപ്പിക്കല്‍ നടന്നത്. ഇതില്‍ മേപ്പാടി റേഞ്ചിലെ മുണ്ടക്കൈ സെക്ഷനിലെ രമ്യ എന്ന വീട്ടമ്മ താമസിച്ചിരുന്ന എട്ട് സെന്‍റ് സ്ഥലം ഒഴിപ്പിച്ചതും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മുളങ്ങാമൂട്ടില്‍ കാട്ടുകമ്പും മുളയുമുപയോഗിച്ച് 40ഓളം ആദിവാസികള്‍ നിര്‍മിച്ച കുടിലുകളും ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.