കാവിക്കൊപ്പം കണ്ണന്; ചെങ്കൊടിക്കീഴില്‍ മാവേലി
text_fieldsകണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ‘മതപരത’യും മാവേലിയുടെ ‘രാഷ്ട്രീയ’വും കൂടിക്കലര്‍ന്ന് കാവിയും ചെങ്കൊടിയുമേന്തിയ വേഷങ്ങള്‍ കണ്ണൂരില്‍ കൗതുക കാഴ്ചയായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സി.പി.എം ഓണാഘോഷ സമാപന ഘോഷയാത്ര ഒരുക്കിയപ്പോള്‍, പതിവ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ബാലഗോകുലം കെങ്കേമമാക്കി. ഓണാഘോഷത്തിന്‍െറ പേരില്‍ സി.പി.എമ്മിന്‍െറ വിവിധ സംഘടനകള്‍ ഒന്നിച്ചവതരിപ്പിച്ച ഘോഷയാത്രയില്‍ പാര്‍ട്ടി ആചാര്യന്മാരുടെ കട്ടൗട്ടുകള്‍ മുതല്‍ മതാചാര വേഷങ്ങളും ഒപ്പം ചിലയിടത്ത് മാവേലിയും ഉണ്ണിക്കണ്ണന്മാരും നിറഞ്ഞാടി.
അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയതിനാല് കനത്ത സുരക്ഷയോടും ജനം ശ്വാസം അടക്കിപ്പിടിച്ചുമാണ് ഘോഷയാത്രകള്‍ ദര്‍ശിച്ചത്. പക്ഷേ, ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല. പീതവര്‍ണ ശീലകളണിഞ്ഞ ഉണ്ണിക്കണ്ണന്മാര് നിറഞ്ഞ മഹാശോഭായാത്രയില്‍ കണ്ണൂര്‍ നഗരത്തെ പര്‍ണശാലപോലെയാക്കിയാണ് ബാലഗോകുലത്തിന്‍െറ ഉജ്ജ്വല ഘോഷയാത്ര. കണ്ണൂര്‍ നഗരത്തില്‍ ബാലഗോകുലത്തിനു മാത്രമായിരുന്നു ഘോഷയാത്രക്ക് അനുമതി നല്‍കിയത്. എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ നഗരപരിധിയില്‍ നിന്നുള്ള വിവിധ ബാലഗോകുലങ്ങളുടെ നിശ്ചലദൃശ്യങ്ങളും ചമയങ്ങളും ചേര്‍ന്നിരുന്നു.
ബാലസംഘത്തിന്‍െറയും പോഷക സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ സി.പി.എം നടത്തിയ ഘോഷയാത്രയും സമാധാനത്തോടെയാണ് നടന്നത്. അഴീക്കോട്ടായിരുന്നു ബാലസംഘത്തിന്‍െറ പ്രധാന ഘോഷയാത്ര. പെരളശ്ശേരിയിലും കല്യാശ്ശേരിയിലുമുള്‍പ്പെടെ വലിയ ഘോഷയാത്രകള്‍ നടന്നു. ഇ.എം.എസിന്‍െറയും എ.കെ.ജിയുടെയും നായനാരുടെയും വിവേകാനന്ദന്‍െറയും വലിയ കട്ടൗട്ടുകളും ചിത്രങ്ങളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
