Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് തീയതി...

തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനെന്ന് ഹൈകോടതി

text_fields
bookmark_border
തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനെന്ന് ഹൈകോടതി
cancel

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് എപ്പോള്‍, എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ അധികാരം കമീഷനില്‍ നിക്ഷിപ്തമായതിനാല്‍  കോടതി ഇടപെടേണ്ട ആവശ്യമില്ളെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച എന്തെങ്കിലും ഉത്തരവിനോ തീരുമാനത്തിനോ അഭിപ്രായപ്രകടനത്തിനോ കോടതി മുതിര്‍ന്നില്ല. നിലവിലെ സാഹചര്യം തെരഞ്ഞെടുപ്പ് നടത്താനോ നീട്ടാനോ അനുകൂലമാണോ പ്രതികൂലമാണോയെന്നത് കമീഷന് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്നതും കമീഷന് തീരുമാനിക്കാം. എന്നാല്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച എന്ത് തീരുമാനമെടുത്താലും അതിന്‍െറ ഉത്തരവാദിത്തം കൂടി കമീഷന്‍ ഏറ്റെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമാസത്തേക്ക് നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഇടപെടാതെയാണ് ഉത്തരവ്.
അതേസമയം, പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച അപ്പീലുകള്‍ വാദം കേള്‍ക്കാന്‍ ഈ മാസം 14ലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി നീട്ടി നല്‍കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് അപ്പീലിന്‍െറ ഭാഗമായാണ്. നവംബര്‍ 30നകം തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലേറുന്ന വിധം പ്രക്രിയ ആരംഭിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. ഒക്ടോബര്‍ 15നകം പഞ്ചായത്ത്-വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയാക്കി 16ഓടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനാവുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് സമയക്രമ പട്ടികയും സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാറും കമീഷനും ഒരേ തീരുമാനം അറിയിച്ച സാഹചര്യത്തില്‍ നവംബറില്‍ തെരഞ്ഞെടുപ്പിന് കോടതി അനുമതി നല്‍കുമെന്ന് കരുതിയിരിക്കെയാണ് ഇക്കാര്യത്തിലെ തീരുമാനം കമീഷന് വിട്ടത്. തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും ഒത്തുകളിച്ച് കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങാന്‍ ശ്രമം നടത്തുന്നതെന്നായിരുന്നു എതിര്‍കക്ഷികളായ ഹരജിക്കാരുടെ വാദം.

വിധി പഠിച്ചശേഷം മുന്നോട്ടുപോകും ^കമീഷണര്‍

ഹൈകോടതിവിധി കിട്ടിയശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ അധികാരം കമീഷനാണ്. ആ അധികാരം ഉപയോഗിച്ച് കമീഷന്‍ മുന്നോട്ടുപോകും.
വിധി പഠിച്ചശേഷം തീരുമാനമെടുക്കും. സര്‍ക്കാറുമായി സഹകരിച്ചുതന്നെയാണ് കമീഷന്‍ മുന്നോട്ടുപോകുന്നത്. അതില്‍ വിവാദങ്ങളൊന്നുമില്ല. ഇക്കാര്യത്തില്‍ കാലതാമസം വരില്ല. ഉടന്‍ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story