Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടോമിന്‍ തച്ചങ്കരിയുടെ...

ടോമിന്‍ തച്ചങ്കരിയുടെ മാറ്റം: സര്‍ക്കാറില്‍ കടുത്തഭിന്നത

text_fields
bookmark_border
ടോമിന്‍ തച്ചങ്കരിയുടെ മാറ്റം: സര്‍ക്കാറില്‍ കടുത്തഭിന്നത
cancel



ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതിനെച്ചൊല്ലി സര്‍ക്കാറില്‍ കടുത്ത ഭിന്നത. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയാതെയാണ് തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍നിന്ന് മാറ്റിയത്. മന്ത്രിസഭായോഗത്തിനിടെ വാര്‍ത്താസമ്മേളനം നടത്താന്‍ മുഖ്യമന്ത്രി പുറത്തുപോയ വേളയില്‍ ഈ വിഷയം ചര്‍ച്ചക്കുവരുകയും തച്ചങ്കരിയെ മാറ്റണമെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചീഫ് സെക്രട്ടറി തയാറാക്കിയ മന്ത്രിസഭാ തീരുമാനങ്ങളുടെ മിനുട്സില്‍ തച്ചങ്കരിയുടെ മാറ്റം ഉള്‍പ്പെട്ടു. ചീഫ് സെക്രട്ടറിയുടെ കുറിപ്പ് കിട്ടിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസും പി.ആര്‍.ഡിയും തച്ചങ്കരിയെ മാറ്റിയ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. മന്ത്രിസഭയുടെ തീരുമാനമില്ലാതെ ഇങ്ങനെ സംഭവിച്ചതില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. തച്ചങ്കരിയെ മാറ്റുന്ന ഉത്തരവില്‍ മുഖ്യമന്ത്രി ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
അതേസമയം, തച്ചങ്കരിയെ മാറ്റിയതായും അധികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ വകുപ്പുമന്ത്രിക്ക് അധികാരമുണ്ടെന്നും സഹകരണമന്ത്രി വ്യക്തമാക്കി. മാറ്റിയ ഉത്തരവ് കിട്ടിയില്ലെന്നും കിട്ടിയാല്‍ അനുസരിക്കുമെന്നുമാണ് തച്ചങ്കരിയുടെ നിലപാട്. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയെ മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ് കടുത്ത നിലപാട് കൈക്കൊണ്ടതാണ് സര്‍ക്കാറില്‍ അസാധാരണ സാഹചര്യം സൃഷ്ടിച്ചത്. ഇനി ഇക്കാര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. അതുവരെ തച്ചങ്കരി തുടരും.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന് മുന്നോടിയായി തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം മന്ത്രിസഭയുടെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, മന്ത്രിസഭായോഗത്തില്‍ കെ.ബി.പി.എസ് എം.ഡിയുടെ അധികചുമതല തച്ചങ്കരിക്ക് നല്‍കാന്‍ നിര്‍ദേശംവന്നു. പാഠപുസ്തക അച്ചടി വീണ്ടും വൈകുന്ന സാഹചര്യത്തിലായിരുന്നു ഇത്. തച്ചങ്കരിക്ക് ഈ ചുമതല നല്‍കുന്നതില്‍ പ്രിന്‍റിങ്ങിന്‍െറ ചുമതലയുള്ള മന്ത്രി കെ.പി. മോഹനന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചു. ഈ ഘട്ടത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇടപെടുകയും കണ്‍സ്യൂമര്‍ഫെഡിന്‍െറ ചുമതലയില്‍നിന്ന് തച്ചങ്കരിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ കണ്‍സ്യൂമര്‍ഫെഡില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story