സ്വകാര്യ സര്‍വകലാശാല: റിപ്പോര്‍ട്ടിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതിക്ക് ശിപാര്‍ശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറും. എം.ജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രഫ. സി.ഐ. അബ്ദുറഹ്മാന് കണ്‍വീനറുമായ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മൂന്ന് ഭേദഗതികളോടെയാണ് വൈസ് ചെയര്മാന് ടി.പി. ശ്രീനിവാസന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ അംഗീകരിച്ചത്. സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശത്തിന് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനപ്പെടുത്താനായിരുന്നു സമിതി ശിപാര്‍ശ. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സംവരണ തത്ത്വങ്ങള്‍ക്ക് വിധേയമായി മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കൗണ്‍സില്‍ യോഗം വരുത്തിയ ഭേദഗതി. സ്വകാര്യ സര്‍വകലാശാലകള്‍ക്കു വേണ്ട ഭൂമി സംബന്ധിച്ചാണ് മറ്റൊരു ഭേദഗതി.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം നഗരപരിധിയിലാണെങ്കില്‍ 20 ഏക്കര്‍ ഭൂമിയും പഞ്ചായത്ത് പരിധിയില്‍ 30 ഏക്കര്‍ ഭൂമിയും വേണം. നഗരപരിധിയില്‍ ഭരണകാര്യാലയവും നഗരത്തിനു പുറത്ത് അക്കാദമിക് കാമ്പസും എന്ന രീതിക്കും വ്യവസ്ഥയുണ്ടായിരുന്നു. ഈ രീതിയിലാണെങ്കില്‍ നഗരത്തില്‍ അഞ്ച് ഏക്കറും നഗരത്തിനു പുറത്ത് 15 ഏക്കറും വേണം. പഞ്ചായത്ത് പരിധിയില്‍ അക്കാദമിക് കാമ്പസ് സ്ഥാപിക്കുകയാണെങ്കില്‍ 25 ഏക്കറും നഗരത്തിലാണ് ഭരണകാര്യാലയമെങ്കില്‍ അഞ്ച് ഏക്കറും എന്നതായിരുന്നു സമിതി റിപ്പോര്‍ട്ട്. ഭേദഗതിയിലൂടെ രണ്ട് കാമ്പസ് എന്ന സമിതി നിര്‍ദേശം ഒഴിവാക്കി. നഗരപരിധിയില്‍ 20 ഏക്കര്‍ എന്നും ഗ്രാമീണ മേഖലയില്‍ 30 ഏക്കര്‍ എന്നുമാക്കി. വൈസ്ചാന്‍സലറെ ഏതു സമയത്തും പിരിച്ചുവിടാന്‍ വഴിയൊരുക്കുന്ന രീതിയിലായിരുന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാല്‍, സാമ്പത്തിക ക്രമക്കേടോ സ്വഭാവ ദൂഷ്യമോ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മാത്രമേ വി.സിക്കെതിരെ നടപടിയെടുക്കാനാവൂ എന്ന ഭേദഗതിയും റിപ്പോര്‍ട്ടില്‍ കൊണ്ടുവന്നു. സമിതി കണ്‍വീനര്‍ സി.ഐ. അബ്ദുറഹ്മാനാണ് കൗണ്‍സില്‍ മുമ്പാകെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക മേല്‍നോട്ട സമിതിക്കും വ്യവസ്ഥയുള്ളതായാണ് സൂചന. മാതൃകാ ആക്ട് സഹിതമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിനു പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിന്‍െറ എന്റോള്‍മെന്റ് 24 ശതമാനമാണെന്നും തമിഴ്നാട്ടില്‍ ഇത് 30 ശതമാനത്തിലധികമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 ഓടെ രാജ്യത്ത് 1500 സര്‍വകലാശാലകള്‍ വേണമെന്നാണ് നാഷനല്‍ നോളജ് കമീഷന്‍െറ അഭിപ്രായം. ഈ ലക്ഷ്യം കൈവരിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആവശ്യമാണ്.
ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് തന്നെയായിരിക്കും. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെവരെ പ്രവേശിപ്പിക്കാം. സ്വകാര്യ സര്‍വകലാശാലകള്‍ യു.ജി.സിയുടെ രണ്ട് എഫ് കാറ്റഗറിയില്‍ ഉള്‍പ്പെടണം. ഇതില്‍ ഉള്‍പ്പെട്ടാലേ കോഴ്സുകള്‍ നടത്താനാകൂ. അഞ്ചു വര്‍ഷംകൊണ്ട് സര്‍വകലാശാലകള്‍ നാക്കിന്‍െറ ഗ്രേഡിങ് നേടണം.
സര്‍വകലാശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തില്‍ നിയമിക്കുന്ന മൂന്നംഗ വിദഗ്ധ സമിതി ഇതു പരിശോധിച്ച് അംഗീകാര യോഗ്യമെങ്കില്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
