തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 16ന് നടപടി തുടങ്ങുമെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരു മാസം വൈകി മാത്രമേ പൂര്‍ത്തിയാക്കാനാവൂവെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഭരണസമിതികളുടെ കാലാവധി അവസാനിക്കും മുമ്പേ ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പ് നടപടി ആരംഭിച്ച് നവംബര്‍ 30ന് മാത്രമേ പൂര്‍ത്തിയാക്കാനാവൂവെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നഗരകാര്യം സെക്രട്ടറി മുഹമ്മദ് ഹനീഷാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരാനാകുന്ന വിധം നടപടി ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം. തെരഞ്ഞെടുപ്പ് സമയക്രമവും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ 28 മുനിസിപ്പാലിറ്റികളും കോര്‍പറേഷനും രൂപവത്കരിച്ചതിനാല്‍ 13 ജില്ലാ പഞ്ചായത്തുകളുടെയും 30 ബ്ളോക് പഞ്ചായത്തുകളുടെയും ആറ് ഗ്രാമ പഞ്ചായത്തുകളുടെയും പുനര്‍നിര്‍ണയം അനിവാര്യമായി മാറി.
പുതിയ വിജ്ഞാപനമിറക്കി വോട്ടര്‍മാരില്‍ നിന്നുള്ള ആക്ഷേപം പരിഗണിച്ച് നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും കഠിന പ്രയത്നം നടത്തുന്നുണ്ട്. എത്ര ശ്രമിച്ചാലും കാലാവധി തീരുംമുമ്പ് പുതിയ ഭരണസമിതി നിലവില്‍ വരണമെന്ന നിയമം പാലിക്കാന്‍ കഴിയില്ല.
ഹൈകോടതി നിര്‍ദേശിച്ച പോലെ സര്‍ക്കാര്‍ തെരഞ്ഞെടുപ് കമീഷനുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 30 ഓടെ മാത്രമേ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാവൂവെന്ന് യോഗം വിലയിരുത്തി. ഒക്ടോബര്‍ 16 മുതല്‍ നടപടിക്രമം ആരംഭിച്ചാല്‍ പൂര്‍ത്തിയാക്കാന്‍ 46 ദിവസം വേണ്ടിവരും. അതിനാല്‍, ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലത്തെുംവിധം നടപടി പൂര്‍ത്തിയാക്കാന്‍ സമയക്രമവും തയാറാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പുതിയ സമയക്രമപട്ടികക്ക് അനുമതി തേടി കോടതിയെ സമീപിക്കുന്നതും യോഗ തീരുമാനപ്രകാരമാണ്.
സത്യവാങ്മൂലത്തിന് പിന്നാലെ വിശദാംശങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി കോടതിയിലത്തെി നേരിട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കേണ്ട കേസ് ചൊവ്വാഴ്ച തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
