മാവോവാദി നേതാവിന് താമസമൊരുക്കല്‍: രൂപേഷിനും ഷൈനക്കും ജാമ്യം
text_fieldsകൊച്ചി: മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണ്ണെ എന്ന സുഗുണയെയും ഒളിവില്‍ താമസിപ്പിച്ച കേസില്‍ രൂപേഷിനും ഭാര്യ ഷൈനക്കും ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും കോയമ്പത്തൂര്‍ ജയിലിലാണിപ്പോള്‍. 25,000 രൂപക്കും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. ജാമ്യക്കാരില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കണം. ഇരുവരെയും കഴിഞ്ഞ മേയ് 20നാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി 180 ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല. കേസിലെ ഒന്നും രണ്ടും പ്രതികളാണ് രൂപേഷും ഷൈനയും. മല്ലരാജ റെഡ്ഡി, ബീച്ച ജഗണ്ണെ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
2007 ആഗസ്റ്റ് 31ന് വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ സ്വദേശി സുമേഷ് എന്ന പേരില്‍ പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആമംപള്ളി മുരളിയുടെ വീട് വാടകക്കെടുത്ത രൂപേഷ് മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായാണ് ആരോപണം. ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും ഉടന്‍ ജാമ്യത്തിലിറങ്ങാനാകില്ല. പ്രതികള്‍ക്കായി അഭിഭാഷകന്‍ തുഷാര്‍ നിര്‍മല്‍ സാരഥി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
