പ്രവാസിവോട്ട്: നിയമഭേദഗതി ഈ വര്‍ഷം ഇല്ല
text_fieldsന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സാവകാശം ചോദിച്ചതോടെ ഏറെ കാത്തിരുന്ന നിയമനിര്‍മാണം ഈ വര്‍ഷം നടക്കില്ളെന്നുറപ്പായി. പ്രവാസിവോട്ടിന്‍െറ നിയമനിര്‍മാണത്തിന് ഇതരസംസ്ഥാന ജോലിക്കാരുടെ വോട്ടുപ്രശ്നത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കൈക്കൊള്ളുന്ന നിലപാടറിയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഈ റിപ്പോര്‍ട്ട് ഡിസംബര്‍ 31ഓടെ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
പ്രവാസിവോട്ടിന് നിയമയുദ്ധം നടത്തിയ പ്രവാസി വ്യവസായി ഷംഷീര്‍ വയലില്‍തന്നെയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയവും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതത്തേുടര്‍ന്ന് ഇതരസംസ്ഥാന ജോലിക്കാരുടെ വോട്ടുപ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പു കമീഷന്‍ 18 അംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് വെള്ളിയാഴ്ച പരിശോധിച്ച സുപ്രീംകോടതി, ഈ പഠനത്തിലൂടെ സ്വാഗതാര്‍ഹമായ കാല്‍വെപ്പാണ് നടത്തുന്നതെന്ന് നിരീക്ഷിച്ചു. പ്രവാസിവോട്ടിന്‍െറ നിയമനിര്‍മാണ നടപടി എവിടെവരെ ആയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വോട്ട് സംബന്ധിച്ച് കമീഷന്‍െറ അന്തിമാഭിപ്രായം അറിയേണ്ടതുണ്ടെന്ന് അറ്റോണി ജനറല്‍ മറുപടി നല്‍കി. ഇതുകൂടി പരിശോധിച്ച് പ്രവാസിവോട്ടിന്‍െറ നിയമഭേദഗതി നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നതെന്നും എ.ജി വ്യക്തമാക്കി. സൈനികര്‍ക്കും പ്രവാസികള്‍ക്കും ഒരുമിച്ച് നിയമഭേദഗതി നടത്തുന്ന കാര്യവും കേന്ദ്രം പരിഗണിച്ചിരുന്നുവെന്നും എന്നാല്‍, പുതിയ വിഷയംകൂടി വന്നതോടെ അക്കാര്യത്തില്‍ നിയമഭേദഗതി ആവശ്യമുണ്ടോ എന്നറിയേണ്ടതുണ്ടെന്നും എ.ജി ചൂണ്ടിക്കാട്ടി. ഉപ തെരഞ്ഞെടുപ്പ് കമീഷണര്‍ ഉമേഷ് സിന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണനക്കെടുത്തപ്പോള്‍ ഇതരസംസ്ഥാന വോട്ടര്‍മാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതില്‍ പ്രായോഗിക തടസ്സമുണ്ടെന്ന് കമീഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ഇത്തരം വോട്ടര്‍മാര്‍ 30 കോടിയോളം വരും. ഇത്രയുംപേര്‍ക്ക് പ്രോക്സി വോട്ട് അനുവദിച്ചാല്‍ ദുരുപയോഗം ചെയ്തേക്കുമെന്ന് കമീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. തപാല്‍വോട്ട് അനുവദിക്കുന്നതിലെ പ്രായോഗികതടസ്സങ്ങളും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടി. ആഭ്യന്തര കുടിയേറ്റക്കാര്‍ക്കു മാത്രമായി പ്രത്യേക സംവിധാനമുണ്ടാക്കുന്നതിനു പകരം, നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
രാജ്യമാകെ കുടിയേറ്റ വോട്ടര്‍മാര്‍ ഉണ്ടാകുമെന്നതിനാല്‍, പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ പെരുമാറ്റച്ചട്ടം ശരിയായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും സമിതി വിലയിരുത്തി. നടപടികള്‍ പൂര്‍ത്തിയാക്കി കൃത്യമായ ശിപാര്‍ശകള്‍ തയാറാക്കാന്‍ മൂന്നു മാസം സമയം വേണമെന്നും അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസംബര്‍ 31വരെ സമയം വേണമെന്നും കമീഷന്‍ ബോധിപ്പിച്ചപ്പോള്‍ സുപ്രീംകോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഷംഷീറിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.