ബാര്‍കോഴ കേസ്: മാണിക്ക് തിരിച്ചടി; തുടരന്വേഷണത്തിന് കോടതി ഉത്തരവ്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ധനമന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അസ്ഥിരപ്പെടുത്തി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് വിധി പറഞ്ഞത്. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ്.അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. വിജിലന്‍സ് ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദരേഖയടക്കം കേസിലെ എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കാനും കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തി അറിയിച്ച കോടതി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിജു രമേശിന്‍്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്‍്റെ നടപടിയെയും കോടതി വിമര്‍ശിച്ചു.
അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമാണ് വിജിലന്‍സ് നിയമോപദേശം തേടിയത് അന്നുതന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളിലും വസ്തുതാ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്റെ ഹരജിയിലും അന്തിമ റിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഒരു ഹരജിയിലുമാണ് കോടതി തീര്‍പ്പ് കല്‍പിച്ചത്.
ഉന്നത ഉദ്യോഗസ്ഥന്‍ എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം. തെളിവുകള്‍ വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരം ഡയറക്ടര്‍ കവര്‍ന്നതായി വാദത്തിനിടെ കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
