ലജ്ജ എന്ന വികാരം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ രാജിവെക്കൂ’^വി.എസ്
text_fieldsകോഴിക്കോട്: വടകര കോട്ടപ്പറമ്പിൽ വൈകീട്ട് മൂന്നിന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിനായി ടി.ബിയിൽനിന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഇറങ്ങുമ്പോൾ സമയം 4.15. ബാർകോഴ കേസിൽ വിജിലൻസ് കോടതി ഉത്തരവിനെക്കുറിച്ച് പ്രതികരണമാരായാൻ വളഞ്ഞ മാധ്യമപ്രവർത്തകർക്കു മുന്നിൽ വി.എസിെൻറ മുഖം മൂടിക്കെട്ടിയ വാനംപോലെ. പക്ഷേ, കാൽമണിക്കൂറിനകം കോട്ടപ്പറമ്പിലെ വേദിയിലെത്തുമ്പോഴേക്കും ശരീരഭാഷ അടിമുടി മാറിയിരുന്നു. പ്രസംഗം തുടങ്ങിയതുതന്നെ ‘ബാർകോഴ’യെന്ന വെടിക്കെട്ടിന് തീകൊളുത്തിക്കൊണ്ടാണ്. പറയാൻ കാത്തുവെച്ചത് പറയേണ്ടിടത്ത് പറയുന്നതുപോലെ. ‘മാണിയെ രക്ഷിക്കാനാണ് വിൻസൻ എം. പോൾ അത്യധ്വാനം ചെയ്ത് റിപ്പോർട്ടുണ്ടാക്കിയത്.
അത് നിർദയം തള്ളിയാണ് എസ്.പി സുകേശെൻറ അന്വേഷണം തുടരട്ടെ എന്ന് വിജിലൻസ് കോടതി വിധിച്ചത്. അൽപമെങ്കിലും നാണം, മനുഷ്യന് സ്വാഭാവികമായുണ്ടാകുന്ന ലജ്ജ... ലജ്ജ... ലജ്ജ എന്ന വികാരം ബാക്കിനിൽക്കുന്നുണ്ടെങ്കിൽ രാജിവെച്ചൊഴിയുകയാണ് കരണീയമായിട്ടുള്ളത്’ വി.എസ് കത്തിക്കയറുമ്പോൾ അകമ്പടിയായി നിലക്കാത്ത കരഘോഷം. എൽ.ഡി.എഫിന് ആത്മവിശ്വാസവും പ്രവർത്തകർക്ക് ആവേശവുംപകർന്ന് ജില്ലയിലെ ആദ്യകേന്ദ്രമായ കക്കട്ടിലിൽനിന്ന് രാവിലെ പര്യടനം ആരംഭിക്കുമ്പോൾ മുതൽ അന്തരീക്ഷത്തിൽ അലയടിക്കുന്നതാണ് ഈ കരഘോഷങ്ങളും മുദ്രാവാക്യങ്ങളും. ഒഴുകിയെത്തിയ ജനക്കൂട്ടത്തിൽ വി.എസ് ഒരു വികാരമായി നിറയുകയാണെന്ന് ഓരോ സ്വീകരണകേന്ദ്രവും തെളിയിച്ചു.
രണ്ടാമത്തെ കേന്ദ്രമായ പുറമേരി കെ.ആർ.എച്ച്. എസ് ഗ്രൗണ്ടിെൻറ ഒരറ്റത്തുനിന്ന് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ വേദിക്കരികിലേക്ക് വി.എസിെൻറ കാർ എത്തിച്ചേരാൻ എടുത്തത് അരമണിക്കൂറോളം സമയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതേ ഗ്രൗണ്ടിലെത്തിയപ്പോൾ കണ്ട കാഴ്ചകളുടെ തനിയാവർത്തനം. വടകരയിലാകട്ടെ വേദിക്കരികിലേക്ക് കാറിന് കടന്നുവരാൻ പ്രത്യേക പാതയൊരുക്കിയിരുന്നുവെങ്കിലും വി.എസ് എത്തുമ്പോഴേക്കും അവിടമാകെ നിറഞ്ഞുകവിഞ്ഞിരുന്നു. പൊലീസുകാരുടെയും പാർട്ടി നേതാക്കളുടെയും സുരക്ഷാവലയത്തിൽ വേദിയിലേക്കെത്തിച്ചത് ഒരൽപം സാഹസികമായാണ്.
ഉമ്മൻ ചാണ്ടിയെയും കെ.എം. മാണിയെയും വെള്ളാപ്പള്ളി നടേശനെയുമൊക്കെ കണക്കറ്റ് പ്രഹരിച്ചും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ പരിഹാസ ശരങ്ങളെയ്തും വിലക്കയറ്റത്തിെൻറ കെടുതികൾ എണ്ണിപ്പറഞ്ഞും പയ്യോളിയിലും വി.എസ് തനതുശൈലിയിൽ ജനക്കൂട്ടത്തെ കൈയിലെടുത്തു. സമാപനകേന്ദ്രമായ കോഴിക്കോട് എത്തുമ്പോൾ മുതലക്കുളം മൈതാനം കവിഞ്ഞ് ജി.എച്ച് റോഡിലും പ്രവർത്തകർ നിറഞ്ഞിരുന്നു. അരമണിക്കൂർനീണ്ട പ്രസംഗത്തിനൊടുവിലും പ്രവർത്തകർക്ക് ആവേശം ചോർന്നിരുന്നില്ല, വി.എസിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.