സി.ഐ.ടി.യുക്കാർ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ വധശ്രമക്കേസ് പ്രതിയെ സി.ഐ.ടി.യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച ശേഷമാണ് 20ഓളം വരുന്ന സംഘം പ്രതിയുമായി കടന്നത്. സംഭവത്തിൽ പരിക്കേറ്റ പയ്യന്നൂർ എസ്.ഐ വിപിൻകുമാർ, കേരള ആൻറി ടെറർ സ്ക്വാഡിലെ (കെ.എ.ടി.എസ്) ഉദ്യോഗസ്ഥരും എറണാകുളം സ്വദേശിയുമായ ജിൻസ്കുര്യൻ (27), പി.സി. കൃഷ്ണചന്ദ്രൻ (27) എന്നിവരെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ എടാട്ട് കോളജ് സ്റ്റോപ്പിനടുത്താണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ചുമട്ടുതൊഴിലാളിയുമായ പ്രസന്നനെ അറസ്റ്റ് ചെയ്യാൻ എടാട്ടെ ഗ്രാനൈറ്റ് ഗോഡൗണിനടുത്ത് എത്തിയതായിരുന്നു പൊലീസ്. പ്രസന്നനെ ഇവിടെ വെച്ച് കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി.
ഈ സമയത്ത് സംഘടിച്ചെത്തിയ 20ഓളം സി.ഐ.ടി.യു പ്രവർത്തകർ എസ്.ഐയെയും മഫ്ടിയിലുണ്ടായിരുന്ന കെ.എ.ടി.എസ് ഫോഴ്സിനെയും പൊലീസുകാരെയും പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപിച്ച ശേഷം പ്രതിയുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.ഐ.ടി.യു പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ഇരുപതോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കെ.വി. വിനോദ്, എൻ.സുധീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കാണാൻ സ്റ്റേഷനിലെത്തിയ പ്രാദേശിക നേതാക്കളെ പൊലീസ് തിരിച്ചയച്ചതായി പരാതിയുണ്ട്.
സംഭവത്തെ തുടർന്ന് ചുമട്ടു തൊഴിലാളികൾ പയ്യന്നൂരിൽ മിന്നൽ പണിമുടക്ക് നടത്തി. പണിമുടക്കിയവർ സ്റ്റേഷന് മുന്നിലെ റോഡിൽ പ്രകടനം നടത്തിയത് സംഘർഷഭീതി പരത്തി. പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് വിവരം ലഭിച്ചതിനാൽ നിരവധി പൊലീസുകാർ സ്റ്റേഷനുമുന്നിൽ നിലയുറപ്പിച്ചുവെങ്കിലും റോഡിൽ പ്രകടനം നടത്തുക മാത്രമാണുണ്ടായത്. അതേസമയം ജോലി സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്യുന്നത് തടയുക മാത്രമാണ് ഉണ്ടായതെന്നും പൊലീസ് ഏകപക്ഷീയമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നും സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.
മിന്നൽ പണിമുടക്കിന് ശേഷം നടന്ന പ്രകടനത്തിന് പി.വി. കുഞ്ഞപ്പൻ, യു.പി. രാമചന്ദ്രൻ, ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളംപേർ പ്രകടനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.