ബീഫ് റെയ്ഡ്: ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള ഹൗസില്‍ നടത്തിയ പൊലീസ് റെയ്ഡ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റെയ്ഡ് നടത്തിയിട്ടില്ലെന്ന നിലപാടിൽ ഡൽഹി പൊലീസ് ഉറച്ചു നിന്നാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡൽഹി പൊലീസിന്റെ നടപടി ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ്. പരാതി ലഭിച്ചെങ്കിൽ അതേക്കുറിച്ച് പറയേണ്ടിയിരുന്നത് കേരളാ ഹൗസ് റെസിഡന്‍റ് കമീഷണറോടായിരുന്നു. പരാതി സത്യമാണോ എന്ന് അന്വേഷിക്കാനുള്ള മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മന:പ്പൂര്‍വം സൃഷ്ടിച്ച പ്രശ്‌നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ പശുമാംസം വില്‍ക്കുന്നതിന് നിരോധമുണ്ട്. എന്നാല്‍ പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്‍പ്പെടുത്താത്ത വസ്തുക്കള്‍ കേരള ഹൗസില്‍ ഇനിയും നൽകുമെന്നും അതിന് ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബീഫ് വിഷയത്തിൽ പ്രതികരിക്കാൻ കേരളം വൈകിയിട്ടില്ല. സംഭവത്തെ കുറിച്ച് റസിഡന്‍റ് കമീഷണറുടെ റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്നെ കല്ലെറിഞ്ഞവരോട് പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ബീഫ് വിഷയത്തിൽ സർക്കാർ സമയോചിതമായി തന്നെ ഇടപെട്ടു. കേരളാ ഹൗസിൽ പശുവിറച്ചി വിതരണം ചെയ്തിട്ടില്ല. ഇന്നു മുതൽ കേരള ഹൗസിൽ പോത്തിറച്ചി വിളമ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഡല്‍ഹി പൊലീസ് സമ്മതിച്ചിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)