വിഷയം നടേശൻ മുതൽ നായകൻ വരെ...
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടം ഏഴാം ദിവസം നടക്കാനിരിക്കെ, ആഹാരത്തിനുള്ള അവകാശം മുതൽ, നായക ചർച്ചവരെയായി പ്രചാരണം കൊഴുക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ഭരണപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം പിണറായി വിജയൻ തുടങ്ങിയവർ പ്രതിപക്ഷത്തെയും നയിക്കുന്നു. സംസ്ഥാന നേതാക്കൾക്കുപുറമെ, ദേശീയ തലത്തിലുള്ളവരെയും രംഗത്തിറക്കിയാണ് ബി.ജെ.പി സജീവമായിരിക്കുന്നത്.
എസ്.എൻ.ഡി.പി യോഗം–ബി.ജെ.പി സഖ്യ ചർച്ചകൾ സൃഷ്ടിച്ച പ്രകമ്പനത്തോടെയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തുടക്കത്തിലിത് ബി.ജെ.പിക്ക് പ്രതീക്ഷ നൽകിയെങ്കിലും വെള്ളാപ്പള്ളി–മോദി കൂടിക്കാഴ്ചയോടെ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ബി.ജെ.പിക്കാർക്കുപോലും വ്യക്തതയില്ലാതായി. എന്നാൽ, ഇത് സൃഷ്ടിച്ച ആശങ്കയിൽ ഇതിനെതിരെ സി.പി.എം ശക്തമായ നീക്കങ്ങളാണ് നടത്തിയത്. ശ്രീനാരായണ ദർശനത്തിലൂന്നിയുള്ള പ്രചാരണത്തിനൊപ്പം ആരോപണങ്ങൾകൂടി ഉയർന്നതോടെ, വെള്ളാപ്പള്ളി നിരായുധനായി. ഇതിനൊപ്പമാണ് ബി.ജെ.പിക്കുള്ളിലെ തമ്മിലടിയും.
തുടക്കത്തിൽ ബി.ജെ.പി–വെള്ളാപ്പള്ളി ബന്ധത്തെ എൽ.ഡി.എഫിെൻറ മാത്രം തലവേദനയായാണ് കോൺഗ്രസ് കണ്ടിരുന്നത്. എന്നാൽ, അത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിച്ചേക്കാവുന്ന അനുരണനം മനസ്സിലാക്കിയതോടെ അവരും രംഗത്തിറങ്ങി. പ്രത്യേകിച്ച്, പശുമാംസം കഴിച്ചെന്നാരോപിച്ചും പരിവാർ വിരുദ്ധ ആശയക്കാരെയും കൊല്ലാനും കരിഓയിൽ പ്രയോഗിക്കാനും തുടങ്ങിയതോടെ അപകടത്തിെൻറ ആഴം അവരും ഉൾക്കൊള്ളുകയായിരുന്നു.
ആഹാരം കഴിക്കാനുള്ള അവകാശമടക്കമുള്ള വിഷയങ്ങൾ പണ്ട് ‘സദ്ദാം ഹുസൈൻ’ എന്നപോലെ എൽ.ഡി.എഫിെൻറ മുഖ്യ പ്രചാരണായുധങ്ങളുമാണ്. ജെ.എസ്.എസ് നേതാവ് രാജൻ ബാബുവും വെള്ളാപ്പള്ളിയും തമ്മിലുള്ള ബന്ധമാണ് ആർ.എസ്.എസ്–വെള്ളാപ്പള്ളി–യു.ഡി.എഫ് ബന്ധത്തിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇതിലടക്കം മുഖ്യമന്ത്രിയുടെ മൗനവും പ്രചാരണ വിഷയമാക്കുന്നു. അതിനിടെയാണ് മുസ്ലിംലീഗിെൻറ മതേതരത്വം ചർച്ചയായത്. ഇതേച്ചൊല്ലി സി.പി.എം–സി.പി.ഐ നേതാക്കളുടെ വാക്പോരും ഉണ്ടായി. സീറ്റ് വിഭജനത്തിലടക്കം ഐക്യത്തോടെ നീങ്ങിയിരുന്ന ഇരുപാർട്ടിയും തമ്മിലുണ്ടായ കലഹം ചർച്ച പിന്നീടാകാമെന്ന സമവായത്തിൽ അവസാനിക്കുകയായിരുന്നു. പിന്നീടാണ് വാർഡ് അംഗം മുതൽ കൗൺസിലർ വരെ ആരാകണമെന്ന ചർച്ച വിട്ട്, അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചയിലേക്ക് മുന്നണികൾ നീങ്ങിയത്.
യു.ഡി.എഫിൽ ‘ഉമ്മൻ ചാണ്ടി നേതാവെ’ന്ന് പറഞ്ഞ് തുടങ്ങിവെച്ചത് കെ.പി.സി.സി പ്രസിഡൻറുതന്നെ. മന്ത്രി രമേശ് ചെന്നിത്തല അതേറ്റുപിടിച്ചതോടെ സജീവ ചർച്ചതന്നെയായി. ഒടുവിൽ സുധീരൻ തന്നെ ഇത് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നുപറഞ്ഞ് തടിയൂരുകയായിരുന്നു. ഇതറിയാവുന്ന അദ്ദേഹം പിന്നെന്തിന് വിഷയം എടുത്തിട്ടു എന്നത് ഇപ്പോഴും അജ്ഞാതം.
എൽ.ഡി.എഫിൽ വിഷയം ചർച്ചചെയ്യേണ്ടത് സി.പി.എം ആണെങ്കിലും വി.എസിനെ നേതാവാക്കിയത് സി.പി.ഐക്കാരനായ സി.ദിവാകരനായിരുന്നു. സി.പി.ഐ സെക്രട്ടറി അതിനെ തള്ളിപ്പറഞ്ഞതിനുപുറമെ, പിണറായിയുടെ മറുപടിയും കൂടിയായപ്പോൾ ദിവാകരെൻറ നായക ചർച്ച വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വംപോലെയായി മാറി.
കണ്ണൂരിലെ കാരായിമാരുടെ സ്ഥാനാർഥിത്വം യു.ഡി.എഫ് സംസ്ഥാന തലത്തിൽ ചർച്ചയാക്കുന്നുണ്ട്. ഇതൊക്കെയാണ് പാർട്ടികളുടെ വിഷയമെങ്കിലും ഇതിലേതിലെങ്കിലുമാണോ അതോ മറ്റു വല്ലതുമാണോ ജനത്തെ സ്വാധീനിക്കുകയെന്നതാണ് ഇനിയറിയേണ്ടത്. അത് കണ്ടറിഞ്ഞുള്ള നീക്കങ്ങളാവും വരും ദിവസങ്ങളിൽ കേരളം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
