ചന്ദ്രബോസ് വധം: സാക്ഷികൾക്ക് സുരക്ഷ ഏര്‍പ്പെടുത്തും -ചെന്നിത്തല
text_fieldsതൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികൾക്ക് സത്യസന്ധമായി മൊഴി നൽകാൻ തടസ്സമാകുന്ന രീതിയിൽ ഭീഷണി നേരിടുന്നുവെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ കൂറുമാറ്റതിൻെറ നിയമവശങ്ങൾ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സാക്ഷികൾ സത്യസന്ധമായും നിർഭയമായും മൊഴി നൽകേണ്ടത് കേസിൽ നീതി ഉറപ്പാക്കാൻ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാറിൻെറ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഡൽഹി കേരള ഹൗസിൽ പൊലീസ് പരിശോധന നടത്തിയത് അപലപനീയവും പ്രതിഷേധാർഹവുമാണ്. അത് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കേരള സർക്കാർ സ്ഥാപനമാണ്. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും തൃശൂർ പ്രസ്ക്ലബിൻെറ നിലപാട് 2015 പരിപാടിയിൽ സംസാരിക്കവെ ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
