വാര്‍ഡന്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട്
text_fieldsകല്‍പറ്റ: കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളില്‍ വാര്‍ഡന്മാരെ നിയമിക്കുന്നതില്‍ വ്യാപക ക്രമക്കേട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ കൗണ്‍സിലിലെ ചിലരുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് ആരോപണം. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളില്‍ വാര്‍ഡനായി നിയമിക്കപ്പെടുന്നവര്‍ 35 വയസ്സിന് മുകളിലുള്ളവരായിരിക്കണം എന്നാണ് വ്യവസ്ഥ. വയനാട് കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലിലെ വാര്‍ഡന്‍െറ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചുള്ള നോട്ടീസില്‍ 35 വയസ്സിന് മുകളിലുള്ള വനിതയായിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. ജോലിയില്‍ മുന്‍പരിചയവും സ്പോര്‍ട്സില്‍ മികവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പറയുന്നു. പത്രത്തില്‍ പരസ്യംചെയ്ത് ആളെ ക്ഷണിച്ചശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ പക്ഷേ, ആ നിബന്ധനകളൊന്നും പാലിച്ചതേയില്ല. കല്‍പറ്റയിലെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ വാര്‍ഡന് 21 വയസ്സ് മാത്രം. സംസ്ഥാനത്തെ പല ഹോസ്റ്റലുകളിലും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഈ രീതിയില്‍ നിയമനം നടത്തിയിട്ടുണ്ട്.
വയനാട് ജില്ലയില്‍ 2011 അവസാന ഘട്ടത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ താല്‍ക്കാലിക വാര്‍ഡന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് യോഗ്യതയുള്ള 40ഓളം പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ഇവരില്‍ റിട്ട.ഹെഡ്മിസ്ട്രസുമാര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കൂടിക്കാഴ്ച നടക്കാനിരിക്കെ, ‘താല്‍ക്കാലിക വാര്‍ഡനെ നിങ്ങള്‍ നിയമിക്കേണ്ട, ഞങ്ങള്‍ ഇവിടന്ന് അയച്ചുകൊള്ളാം’ എന്ന് തിരുവനന്തപുരത്തുനിന്ന് അറിയിപ്പ് വരുകയായിരുന്നു. അന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഡനായി അയച്ചത് നാലാം ക്ളാസ് വിദ്യാഭ്യാസവും 26 വയസ്സുമുള്ളയാളെ.
സ്പോര്‍ട്സ് കൗണ്‍സിലിലെ തലതൊട്ടപ്പന്മാരുടെ വേണ്ടപ്പെട്ടവരോ പരിചയക്കാരോ ആണ് താല്‍ക്കാലിക നിയമനങ്ങളില്‍ ഓരോ ജില്ലയിലേക്കും അയക്കപ്പെടുന്നത്. യോഗ്യതയില്ലാത്ത ആളുകളെ വാര്‍ഡന്മാരായി നിയമിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസിനോട് അന്വേഷിച്ചപ്പോള്‍ എല്ലായിടത്തും ഇതേരീതിയിലാണ് നിയമനം നടത്തുന്നതെന്നും പ്രായപരിധിയൊന്നും ഇക്കാര്യത്തിലില്ളെന്നുമായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
