പ്രണയ തീരത്തെ രാഷ്ട്രീയത്തറവാട്
text_fieldsകോഴിക്കോട്: മൊയ്തീന്-കാഞ്ചനമാല അനശ്വരപ്രണയത്തിലൂടെ മലയാളിമനസ്സില്‍ പതിഞ്ഞ ബലിയമ്പ്ര പുറ്റാട്ട് തറവാടിന് രാഷ്ട്രീയം ഇന്നും അന്യമല്ല. ഒന്നരപ്പതിറ്റാണ്ടിലധികം ഇരുവഴിഞ്ഞിപ്പുഴയോരമായ മുക്കത്തിന്‍െറ ഭരണചക്രം തിരിച്ചതും ഈ തറവാട്ടുമുറ്റത്തുനിന്നാണ്. തറവാട്ട് കാരണവര്‍ ബി.പി. ഉണ്ണിമോയിന് തുടങ്ങിവെച്ച രാഷ്ട്രീയക്കളരിയില്‍ മക്കളും പയറ്റിത്തെളിഞ്ഞു. സഹോദരങ്ങളായ ബി.പി. മൊയ്തീനും ബി.പി. സുഹ്റക്കും ജനപ്രതിനിധികളായി. ഇപ്പോള്‍ മൊയ്തീന്‍െറ സഹോദരന് ബി.പി. റഷീദും തദ്ദേശ ഭരണസമിതി ലക്ഷ്യമിട്ട് ഗോദയിലുണ്ട്.
മുക്കം ഗ്രാമപഞ്ചായത്തിന്‍െറ പ്രഥമ പ്രസിഡന്റാണ് ഇവരുടെ പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിന്. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്‍െറ ശിഷ്യനായി കോണ്‍ഗ്രസിലൂടെയാണ് ഇദ്ദേഹത്തിന്‍െറ രാഷ്ട്രീയപ്രവേശം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നീണ്ട പതിനേഴരവര്‍ഷം ഇദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. മുക്കം ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത് ഇദ്ദേഹത്തിന്‍െറ ഭരണകാലത്താണ്. പ്രണയനായകനും മൂത്തമകനുമായ ബി.പി. മൊയ്തീനും രാഷ്ട്രീയം വിട്ടില്ല. പിതാവിന്‍െറ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു പകരം പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് തെരഞ്ഞെടുത്തതെന്നുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുന്ദമംഗലത്തും (1970) തിരുവമ്പാടിയിലും (1980) മത്സരിച്ചു.
രണ്ടിടത്തും പരാജയപ്പെട്ടെങ്കിലും പിതാവിന്‍െറ തട്ടകമായ മുക്കം ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്‍െറ വീട്ടില്‍നിന്ന് അങ്ങനെ പഞ്ചായത്തംഗംകൂടിയുണ്ടായി. സഹോദരി ബി.പി. സുഹ്റ അയല്‍നാടായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് മത്സരിച്ച് ജയിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായി. ഇവരുടെ ഭര്‍ത്താവ് എം.എ. നാസര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.
ഇത്തവണ ബി.പി. റഷീദാണ് ഈ കുടുംബത്തില്‍നിന്ന് അങ്കത്തിനിറങ്ങുന്നത്. മുക്കം നഗരസഭ 15ാം വാര്‍ഡ് കയ്യിട്ടാപൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഇദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായുള്ള ഇദ്ദേഹത്തിന്‍െറ കന്നിയങ്കമാണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍വഹിച്ച ഇദ്ദേഹം കര്‍ഷക കോണ്‍ഗ്രസിന്‍െറ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
