നെല്‍കൃഷിക്കായി കോടികള്‍ ചെലവിടുമ്പോഴും ഉല്‍പാദനം കുറഞ്ഞു
text_fieldsതിരുവനന്തപുരം: നെല്‍കൃഷി വ്യാപന പദ്ധതികള്‍ക്ക് കോടികള്‍ ചെലവഴിച്ചിട്ടും വയലുകളുടെ വിസ്തീര്‍ണവും ഉല്‍പാദനവും കുറയുന്നു. നെല്ലുല്‍പാദനം 2009ല്‍ 5.98 മെട്രിക് ടണ്‍ ആയിരുന്നത് 2014ല്‍ 5.10 ആയാണ് കുറഞ്ഞത്. നെല്‍കൃഷി വികസിപ്പിക്കുന്നതിനും ശരാശരി ഉല്‍പാദനം ഹെക്ടറിന് മൂന്ന് ടണ്ണില്‍ കൂടുതലാക്കുന്നതിനും 2009-14 കാലത്ത് 508 കോടിയാണ് അനുവദിച്ചത്. അതില്‍ 444 കോടിയും ചെലവഴിച്ചു.
സുസ്ഥിര നെല്‍കൃഷി വികസനം, വികസന ഏജന്‍സികള്‍ക്കുള്ള ഫണ്ട്, പ്രത്യേക നെല്ലിനങ്ങളുടെ കൃഷിക്കുള്ള പ്രോത്സാഹനം തുടങ്ങിയവ നടപ്പാക്കിയിട്ടും ഉല്‍പാദനം കൂടിയില്ല.
ഈ കാലയളവില്‍ നെല്‍വയലുകള്‍ 2.34 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍നിന്ന് 1.99 ആയി ചുരുങ്ങി. അതേസമയം തിരിശുനില കൃഷിക്കായി വലിയതോതില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന കൃഷിഭവനുകളില്‍ തയാറാക്കിയ ഡാറ്റാ ബാങ്ക് അനുസരിച്ച് സംസ്ഥാനത്ത് 19386 ഹെക്ടര്‍ തിരിശുനിലമുണ്ടായിരുന്നു. 2014ല്‍ അതില്‍ 6416 ഹെക്ടറില്‍ കൃഷിയിറക്കി. 2014-15ല്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് 1550 ഹെക്ടര്‍ തരിശുഭൂമിയില്‍ ഹെക്ടറിന് 11500 രൂപ സബ്സിഡിയില്‍ നല്‍കി. ഇതിന് 1.78 കോടി ചെലവഴിച്ചു.
അതോടൊപ്പം കൃഷിവകുപ്പ് വഴി ജനകീയാസൂത്രണപദ്ധതി പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും സഹായം നല്‍കി. തരിശായിക്കിടക്കുന്ന വയലുകള്‍ ഒറ്റപ്രാവശ്യം എം.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി പ്രകാരം കൃഷിയോഗ്യമാക്കി. തരിശുനില കൃഷിക്ക് 2014-15ലും 2.55 കോടി ചെലവഴിച്ചു.
ഇതിനുപുറമെ ഉല്‍പാദനോപാധികളുടെ ചെലവ് വഹിക്കുന്നതിനുള്ള സഹായങ്ങളും നല്‍കി. നെല്‍കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസ് നല്‍കുന്നതിന് 12.43 കോടിയും വകയിരുത്തി. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയനുസരിച്ച് മാത്രം പാലക്കാട് ജില്ലയില്‍ 3.15 കോടി ചെലവഴിച്ചു.
എന്നിട്ടും പാലക്കാട്ടെ നെല്‍കൃഷി ഒരു ലക്ഷം ഹെക്ടറില്‍നിന്ന് 82896 ആയി ചുരുങ്ങി. കോട്ടയത്ത് കൃഷിഭൂമി വര്‍ധിച്ചില്ളെങ്കിലും ചെലവ് 4.12 കോടിയില്‍നിന്ന് 9.77 കോടിയായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.