ട്രാക്കുകളിലെ രാത്രിപരിശോധനക്ക് വനിതകളെ നിയമിക്കാനുള്ള തീരുമാനം വിവാദമാകുന്നു
text_fieldsതിരുവനന്തപുരം: റെയില്‍വേ ട്രാക്കുകളില്‍ നടന്നുള്ള രാത്രികാല പരിശോധനക്ക് ‘ട്രാക്മെന്‍’ തസ്തികയില്‍ വനിതകളെ നിയോഗിക്കാനുള്ള തീരുമാനം വിവാദത്തിലേക്ക്. ട്രെയിനുകളില്‍ പോലും സുരക്ഷിതത്വം ഉറപ്പുവരുത്താനാവാത്ത സാഹചര്യത്തില്‍ വിജനസ്ഥലങ്ങളിലൂടെ സ്ത്രീകളെ നിരീക്ഷണജോലിക്ക് നിയമിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ദക്ഷിണ റെയില്‍വേയില്‍ ചിലയിടങ്ങളില്‍ ഇതിനകം നൈറ്റ് പട്രോളിങ്ങിന് വനിതാ ജീവനക്കാര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയതായാണ് വിവരം.
മഴക്കാലത്ത് ട്രാക്കിലെ അപകടസാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിരീക്ഷണങ്ങള്‍ക്കായി പുരുഷന്മാരെ നിയമിക്കുന്നുണ്ട്. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ട്രാക്മാന്‍ തസ്തികയിലുള്ളവരാണ് ഇവര്‍. വൈകുന്നേരം 5.30 മുതല്‍ 12.30 വരെയും 12.30 മുതല്‍ 8.30 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് ഈ ഡ്യൂട്ടി. ഒരു ട്രാക്മാന് ആറ് കിലോമീറ്ററാണ് ചുമതല നല്‍കുന്നത്. ഈ ദൂരപരിധിയില്‍ നാലുപ്രാവശ്യം കാല്‍നട പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍ ഒരു ഷിഫ്റ്റില്‍ 24 കി.മീ. താണ്ടുന്നതിനിടയില്‍ നിശ്ചിത സമയം വിശ്രമം അനുവദിച്ചിട്ടുണ്ട്.
റെയില്‍വേ ചട്ടമനുസരിച്ച് വനിതാ ജീവനക്കാരെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിബന്ധനയുണ്ട്.
മതിയായ സേനാംഗങ്ങളുടെ കുറവ് ആര്‍.പി.എഫില്‍തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പുതിയ ചുമതലകള്‍ നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്. തിരുവനന്തപുരം ഡിവിഷനിലെ 3000ത്തോളം ട്രാക്മാന്‍മാരില്‍ 800ലധികം പേര്‍ വനിതകളാണ്. പകല്‍സമയം ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് സ്ത്രീകളെ പ്രധാനമായും നിയോഗിക്കുന്നത്. ഈ തസ്തികയിലെ വനിതകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് നൈറ്റ് പട്രോളിങ്ങിന് അവരെ നിയോഗിക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് റെയില്‍വേയുടെ വിശദീകരണം. നിലവില്‍ രാത്രികാല ഗേറ്റ് ഡ്യൂട്ടിക്കും വനിതകളെ നിയോഗിക്കുന്നുണ്ട്. മോട്ടോര്‍ ട്രോളികള്‍ ഉപയോഗിച്ച് രാത്രികാല ട്രാക് നിരീക്ഷണം യന്ത്രവത്കരിക്കാമെങ്കിലും ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ പതിവുകള്‍ പരിഷ്കരിക്കാന്‍ റെയില്‍വേ തയാറാകുന്നില്ളെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.