തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രതിസന്ധിയില്‍
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഇക്കൊല്ലത്തെ പദ്ധതി പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഈ വര്‍ഷം തുടക്കത്തില്‍ വേഗം കൈവരിച്ചിരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ഏറക്കുറെ നിലച്ചിരിക്കുകയാണ്.
പുതിയ ഭരണസമിതികള്‍ നവംബര്‍ പകുതിയോടെ ചുമതലയേല്‍ക്കുമെങ്കിലും അവര്‍ കാര്യങ്ങള്‍ പഠിച്ചുവരാന്‍ സമയമെടുക്കും. അപ്പോഴേക്കും നടപ്പ് വാര്‍ഷികപദ്ധതിയുടെ സമയവും അവസാനിക്കും. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞവര്‍ഷം പദ്ധതിപ്പണം പൂര്‍ണമായി വിനിയോഗിച്ചിരുന്നില്ല. ഈ തുക മുഴുവന്‍ ഇക്കൊല്ലം വിനിയോഗിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. ഈ തുക വിനിയോഗിക്കേണ്ട ചുമതലയും പുതിയ ഭരണസമിതികള്ക്കാകും. മാര്‍ച്ച് 31നുമുമ്പ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റും തയാറാക്കേണ്ടതുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 4800 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം 15.49 ശതമാനം തുക മാത്രമേ ചെലവിട്ടിട്ടുള്ളൂ. അതായത് 743.85 കോടി. 4000 കോടിയിലേറെ രൂപ വെറും നാലുമാസംകൊണ്ട് ചെലവിടണം. മുന്‍വര്‍ഷത്തെ ബാക്കി പണവും ഇതിന് പുറമെയുണ്ട്. ഈ പണം ചെലവിടാതെപോയാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും ഉണ്ടാകുക.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കൊല്ലം മൊത്തം പദ്ധതി വിനിയോഗം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ പ്രയാസമായിരിക്കും. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം 24.92 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ സമയത്ത് 17.69 ശതമാനവും 13-14ല്‍ 21.03 ശതമാനവുമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന്‍െറ മൊത്തം പദ്ധതി 27657.73 കോടിയുടേതാണ്. കേന്ദ്ര സഹായ പദ്ധതികളില്‍ 7657.73 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 19.51 ശതമാനമേ വിനിയോഗിച്ചിട്ടുള്ളൂ. പതിവുപോലെ ഇക്കൊല്ലം പദ്ധതി വിനിയോഗത്തില്‍ പൊതുമരാമത്ത് വകുപ്പുതന്നെയാണ് മുന്നില്‍. വ്യാഴാഴ്ചവരെ അവര്‍ക്ക് അനുവദിച്ചതില്‍ 84.20 ശതമാനം തുകയും ചെലവിട്ടു കഴിഞ്ഞു. തൊട്ടടുത്ത ധനവകുപ്പ് 60.56 ശതമാനവും പ്രവാസി വകുപ്പ് 40.02 ശതമാനവും ഫിഷറീസ് 35.56 ശതമാനവും വിനിയോഗിച്ചു. പല വകുപ്പുകളും പദ്ധതി വിനിയോഗത്തില്‍ സജീവമായിട്ടില്ല. നിയമം, ഭവനം വകുപ്പുകള്‍ ഒരു പൈസയും ചെലവിട്ടിട്ടില്ല. ഗതാഗതം -0.20 ശതമാനം, റവന്യൂ -3.15, ആസൂത്രണം -2.66, ആഭ്യന്തരം, വിജിലന്‍സ് -0.95, ഉന്നത വിദ്യാഭ്യാസം -9.5, പൊതുവിദ്യാഭ്യാസം -6.35, ഭക്ഷ്യ, പൊതുവിതരണം -3.51, മൃഗസംരക്ഷണം -9.83 എന്നിവയാണ് 10 ശതമാനത്തില്‍ താഴെ പദ്ധതി വിനിയോഗമുള്ള വകുപ്പുകള്‍. വരുന്ന മാസങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസം സംസ്ഥാനം അഭിമുഖീകരിക്കാനിരിക്കുകയാണ്. പുതിയ ശമ്പള കമീഷന് റിപ്പോര്‍ട്ട് ജനുവരി മുതല്‍ നടപ്പാക്കേണ്ടിവരും. നികുതി വരുമാനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിട്ടില്ല. 17716.55 കോടിയാണ് കടമെടുക്കാന്‍ അനുമതി. അതില്‍ പകുതിയും കടമെടുത്തുകഴിഞ്ഞു. റവന്യൂ കമ്മി ലക്ഷ്യമിട്ട 7831.92 കോടിയിലും ധനക്കമ്മി 17699.25 കോടിയിലും കവിയുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.