കോളജുകളിലെ വാഹന നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ കോളജ് കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈകോടതി. അധ്യാപക-അനധ്യാപക ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. വിദ്യാര്‍ഥികള്‍ക്ക് കാമ്പസിനോട് ചേര്‍ന്ന് പ്രത്യേക പാര്‍ക്കിങ് കേന്ദ്രം ഒരുക്കണമെന്നും ജസ്റ്റിസ് വി. ചിദംബരേഷ് ഉത്തരവിട്ടു.
രാത്രി ഒമ്പതിനുശേഷം കലാപരിപാടികളടക്കം കാമ്പസുകളില്‍ നടത്തരുതെന്നത് ഉള്‍പ്പെടെ കോളജുകളിലെ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഈ ഉത്തരവ് അഭിനന്ദനാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവങ്ങളെ തുടര്‍ന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് 26 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്. ഹരജിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെയും കോടതി കക്ഷി ചേര്‍ത്തിരുന്നു. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ ചെക്പോസ്റ്റ് മാതൃകയില്‍ പോള്‍ ബാരിയര്‍ സ്ഥാപിച്ച് സെക്യൂരിറ്റി ജീവനക്കാരെ ഇവിടെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തടസ്സം മറികടന്ന് കാമ്പസിലേക്ക് പ്രവേശിപ്പിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴയീടാക്കാനും കോളജ് അധികൃതര്‍ക്ക് അധികാരമുണ്ട്. പ്രത്യേക പാര്‍ക്കിങ് കേന്ദ്രത്തില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ഇതിനുവേണ്ട ചെലവ് കോളജ് അധികൃതര്‍ വഹിക്കുകയും വേണം. അതേസമയം, സൈക്കിളുകള്‍ക്ക് കാമ്പസിനകത്ത് പ്രവേശം നല്‍കാവുന്നതാണ്. ശാരീരിക വൈകല്യം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പലിന്‍െറ അനുമതിയോടെ വാഹനം കാമ്പസിനകത്തേക്ക് കൊണ്ടുവരാം. ഡി.ജെ, സംഗീത പരിപാടികള്‍ തുടങ്ങി പുറത്തുള്ള ഏജന്‍സികളുടെ പരിപാടികളൊന്നും കോളജുകളില്‍ അനുവദിക്കില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പാക്കണം.
രാത്രി ഒമ്പതിനുശേഷം ഒരു പരിപാടിയും കാമ്പസിനകത്ത് അനുവദിക്കേണ്ടതില്ല. വാര്‍ഷികാഘോഷം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ പേരുകളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്കുപോലും ഒമ്പതിനുശേഷം തുടരാന്‍ അനുമതി നല്‍കരുത്. അതിനായി പരിപാടികള്‍ നേരത്തേ തുടങ്ങണം. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അധ്യാപകരുടെ സാന്നിധ്യം നിയമപരമായി അനിവാര്യമാണ്. സി.ഇ.ടി കോളജ് കാമ്പസില്‍ ഓണാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ കാമ്പസിനകത്ത് വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ തുടര്‍ന്ന് പുറത്തുവന്നു.
ഈ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒക്ടോബര്‍ 12ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരുടെ പരാതി അന്വേഷണ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണമെന്നും കമ്മിറ്റി എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
