ഹോമിയോ മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശ നടപടികള്‍ അനിശ്ചിതത്വത്തില്‍
text_fieldsമലപ്പുറം: സംസ്ഥാനത്തെ ഹോമിയോ മെഡിക്കല്‍ കോളജുകളിലേക്കുള്ള പി.ജി പ്രവേശ നടപടികള്‍ അനിശ്ചിതത്വത്തില്‍. 2015-16 വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശത്തിനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ആയുഷ് വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് നടപടികള്‍ വൈകാന്‍ കാരണം. ഒക്ടോബര്‍ 31ന് മുമ്പ് പ്രവേശ നടപടികള്‍ പൂര്‍ത്തീകരിച്ച് രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്. സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ കണ്‍ട്രോളിങ് ഓഫിസറുടെ ഓഫിസില്‍നിന്ന് രണ്ടാഴ്ച മുമ്പ് കത്ത് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 15ന് കമീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഓഫിസില്‍നിന്ന് സെലക്ഷന്‍ ലിസ്റ്റ് തിരുവനന്തപുരത്തെ കണ്‍ട്രോളിങ് ഓഫിസറുടെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്നാണ് അറിവ്. ഈ മാസം 22 മുതല്‍ 25 വരെ ഓഫിസുകള്‍ക്ക് അവധിയാണെന്നിരിക്കെ അധികൃതരുടെ അലംഭാവം പ്രവേശ നടപടികള്‍ അവതാളത്തിലാക്കുമെന്നാണ് ആശങ്ക. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്കുള്ള പി.ജി കോഴ്സുകളില്‍ 50 ശതമാനം ഓള്‍ ഇന്ത്യ ക്വോട്ടയാണ്. തിരക്കിട്ട് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇതര സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാത്തത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫിസില്‍നിന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ളെന്ന് ആയുഷ് സെക്രട്ടറി ഡോ. ബീന ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
